"നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരാളോട് സംസാരിക്കുക, അതുപോലെ, നിങ്ങളോട് സംസാരിക്കുന്നതിൽ സന്തോഷം തോന്നുന്ന ഒരാളോട് ഒരിക്കലും സംസാരിക്കാതെയും ഇരിക്കരുത്" ഇന്നത്തെ ചിന്താവിഷയം

ചില ആളുകളോട് നമുക്ക് സംസാരിക്കാൻ ഒത്തിരി ഇഷ്ടം തോന്നാറില്ലേ. അതെന്തുകൊണ്ടാണെന്ന് അറിയാമോ. അവരോട് സംസാരിക്കുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷവും ഊർജ്ജവും സമാധാനവും ഒരു പോസിറ്റീവ് എനർജിയും എല്ലാം നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു.
അതുവരെ നമുക്ക് എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടായിരുന്നെങ്കിൽ, നിരാശകൾ ഉണ്ടായിരുന്നെങ്കിൽ അത് അലിഞ്ഞില്ലാതാവും. നമുക്ക് ആനന്ദം നൽകുന്ന ആളുകളോട് സംസാരിക്കാൻ അവസരം ഉണ്ടാക്കണം.
അതുപോലെതന്നെയാണ് നമ്മളോട് സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരും. നമ്മളെ കാണുന്ന മാത്രയിൽ തന്നെ അവർ ഓടി എത്തുന്നത് അതുകൊണ്ടല്ലേ. നമ്മളുടെ അടുത്ത് വരുമ്പോൾ തന്നെ അവരുടെ കണ്ണുകളിലെ പ്രകാശം ശ്രദ്ധിച്ചിട്ടില്ലേ. അവരുടെ മിഴിയിണക്കോണുകളിലെ നനവ്, നിങ്ങളെ കണ്ടതിലുള്ള സ്നേഹവായ്പ് ആണ്.
നിങ്ങളുടെ ശബ്ദം കേൾക്കാൻ അവർ കൊതിച്ചിട്ട് ഉണ്ടാവും. ഓരോ മനുഷ്യരും എന്തെങ്കിലും ഒക്കെ സങ്കടങ്ങളും വിഷമങ്ങളും ഒക്കെ പേറി നടക്കുന്നവരാണ്. ആ സങ്കടങ്ങൾ എന്തൊക്കെ ആണെന്ന് എന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യവും ഇല്ല.
നമ്മളോട് സംസാരിക്കാൻ ആഗ്രഹിച്ച് വരുന്നവരോട് യാതൊരു കാരണവശാലും സംസാരിക്കാതിരിക്കരുത്. അവരെ നിരാശപ്പെടുത്തരുത്. ഒരുപക്ഷേ നമ്മളോട് സംസാരിക്കാൻ അവസരം കിട്ടുന്നത് മറ്റുള്ളവരുടെ മുൻപിൽ അവർക്ക് അഭിമാനമായിരിക്കാം.
അവരുടെ വിശേഷങ്ങൾ തിരക്കി, അവർക്ക് പറയാനുള്ളത് മുഴുവൻ കേട്ട്, ഉചിതമായ മറുപടി പറഞ്ഞ് അവരെ സന്തോഷിപ്പിക്കണം. അങ്ങനെ ചെയ്യുന്നത് മൂലം അവർക്ക് സമാധാനവും സന്തോഷവും ഉണ്ടാവും അതോടൊപ്പം നമുക്കും എന്തെന്നില്ലാത്ത ഒരു ആശ്വാസവും ഉണ്ടാകും.
സുഭാഷ് ടിആർ