"വെല്ലുവിളികൾ ഏറ്റെടുക്കുക; വിജയിച്ചാൽ നിങ്ങൾക്ക് നയിക്കാൻ കഴിയും; പരാജയപ്പെട്ടാൽ നിങ്ങൾക്ക് വഴികാട്ടിയാവാം"ഇന്നത്തെ ചിന്താവിഷയം

ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നവർ അനേകമുണ്ട്. നമ്മളെയൊക്കെ വിസ്മയിപ്പിച്ചു കൊണ്ടാണ് ആ വെല്ലുവിളികളെ തരണം ചെയ്ത് അവർ മുന്നേറുന്നത്. വലിയ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ പോലും വലിയ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് തെളിയിച്ചവരാണ്.
അവരെയൊക്കെ മുന്നോട്ടു നയിച്ചത് ഇച്ഛാശക്തിയാണ്. ഉന്നത വിദ്യാഭ്യാസം ഉള്ളവരും റിസ്ക് എടുത്ത് ജീവിതത്തിൽ വലിയ വലിയ വിജയങ്ങളാണ് കൊയ്തുകൊണ്ടിരിക്കുന്നത്. ഇലോൺ മസ്കിനെ പോലെയുള്ളവർ ഇച്ഛാശക്തിയും ജ്ഞാന ശക്തിയും ക്രിയാശക്തിയും ഒരുപോലെ സമന്വയിപ്പിച്ചവരാണ്.
ബഹിരാകാശത്തേക്ക് ആളുകളെ അയക്കാൻ റിസ്ക് എടുത്ത ഇലോൺ ഏറെ പ്രശംസാർഹനല്ലേ. ഇതുപോലെ പ്രശസ്തി ആർജ്ജിച്ചതും അല്ലാത്തതുമായ എത്രയോ പദ്ധതികൾ ആളുകൾ എത്രമാത്രം റിസ്ക്കെടുത്താണ് വിജയിപ്പിക്കുന്നത് എന്ന കാര്യം ഇവിടെ ചിന്തനീയമാണ്.
ഇത് സ്വാമി വിവേകാനന്ദൻ്റെ വാക്കുകളാണ്. ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണം. ആ വെല്ലുവിളികൾ ഏറ്റെടുക്കുമ്പോഴാണ് നമുക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നത്. വിജയവും പരാജയവും മുന്നിൽ കണ്ടു വേണം റിസ്ക് എടുക്കാൻ.
അങ്ങനെ രണ്ടും കൽപ്പിച്ച്, വെല്ലുവിളികൾ ഏറ്റെടുത്തവർക്ക് മാത്രമേ ജീവിതത്തിൽ ഉന്നത നില കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് ഓർക്കുക. സ്വാമിയുടെ വാക്കുകൾ പോലെ, വിജയിച്ചാൽ നിങ്ങൾക്ക് അനേകം ആളുകളെ നയിക്കാൻ പറ്റും. പരാജയപ്പെട്ടാലും നിരാശപ്പെടേണ്ട.
പരാജയത്തിന്റെ അടിസ്ഥാന കാരണങ്ങൾ നിരത്തി മറ്റുള്ളവർക്ക് ഉപദേശ നിർദ്ദേശങ്ങൾ കൊടുക്കാൻ നിങ്ങൾ പ്രാപ്തനും ആവും.