"ഒരു ദീർഘശ്വാസമെടുക്കൂ, എന്നിട്ടത് പുറത്തുവിടൂ" ഇന്നത്തെ ചിന്താവിഷയം 

 

 
thoughts

കുറെ നാളുകളായി നമ്മുടെ സമൂഹത്തിൽ കാണപ്പെടുന്ന വേദനാജനകമായ കാര്യമാണ് ഒട്ടുമിക്ക  മനുഷ്യരും അകാരണമായി ദേഷ്യവും ഇർഷ്യയും പ്രകടിപ്പിക്കുന്നത്. ജീവിതത്തിലെ തിരക്കും മാനസിക  സമ്മർദ്ദങ്ങളും, കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടക്കാത്തതിന്റെ  നിരാശയും ഒക്കെ ആയിരിക്കാം ഒരുപക്ഷേ അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും.

അത് നമ്മുടെ വ്യക്തിജീവിതത്തെയും, സാമൂഹ്യബന്ധങ്ങളെയും പിടിച്ചുലയ്ക്കുന്നതാണ്. ഇത്തരം സമൂഹത്തിൽ ജീവിക്കുന്ന ഭൂരിഭാഗം മനുഷ്യർക്കും സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആശങ്കയും ഉൽക്കണ്ഠയും  ഓരോ മനുഷ്യരെയും വല്ലാതെ അലട്ടുന്നു. ഇവിടെയാണ്, ഈ സമ്മർദ്ദങ്ങളിൽ നിന്നും തൽക്കാലം മോചനം കിട്ടാനായി "ഒരു ദീർഘശ്വാസമെടുക്കൂ, എന്നിട്ടത് പുറത്തുവിടൂ" എന്ന വാക്കിന് പ്രസക്തി ഉണ്ടാവുന്നത്.

നമ്മുടെ  ശരീരവും മനസ്സും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ ആണല്ലോ. നമ്മുടെ മനസ്സിനെ വിഷമിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, ഭയം ഉണ്ടാക്കുന്ന എന്തെങ്കിലും ഒക്കെ സംഭവിക്കുമ്പോൾ നമ്മുടെ ശ്വാസം ദ്രുതഗതിയിൽ ആകാറില്ലേ. ഈ അവസ്ഥയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ദീർഘശ്വാസം എടുക്കുന്നത് നല്ലതാണ്. 

കണ്ണുകൾ അടച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. സാവധാനം, മൂക്കിലൂടെ ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ  വയറ് നിറയുന്നത് അറിയാം. ഏതാനും നിമിഷം ശ്വാസം ഉള്ളിൽ പിടിച്ചുവെച്ചതിന് ശേഷം വളരെ സാവധാനത്തിൽ ആ ശ്വാസം പൂർണ്ണമായും പുറത്തുവിടുക. ഇത് ചെയ്യുമ്പോൾ നമ്മളിലുള്ള  നെഗറ്റീവ് ചിന്തകളും ഭാരങ്ങളും ശ്വാസത്തോടൊപ്പം പുറത്തുപോകുന്നതായി സങ്കൽപ്പിക്കുക. ഇപ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് കുറയുന്നത് തിരിച്ചറിയാം.

ജീവിതത്തിൽ പാളിച്ചകളും വിഷമങ്ങളും സങ്കടങ്ങളും ഒക്കെ ഉണ്ടാവുമ്പോൾ ജീവിതം നഷ്ടപ്പെട്ടു എന്ന് കരുതണ്ട. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്, എന്നാൽ അത് ഉടൻതന്നെ കിട്ടണമെന്നില്ല. പ്രശ്നങ്ങളെ ഓർത്ത് വേവലാതിപ്പെടാതെ ദീർഘമായി ശ്വസിച്ച് പുറത്തുവിട്ടാൽ, നഷ്ടപ്പെട്ടു എന്ന് കരുതിയ മനസ്സമാധാനവും സന്തോഷവും തിരിച്ചു പിടിക്കാം.

സുഭാഷ് ടിആർ

Tags

Share this story

From Around the Web