"തിരിച്ചടിക്കുന്നതിലല്ല വിജയം, മറിച്ച് കൂടുതൽ ഉയരുന്നതിലാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
success

മനുഷ്യർക്ക് പൊതുവേ ചില ദുസ്വഭാവങ്ങൾ ഉണ്ട്. വാശി, വൈരാഗ്യം, ദുരഭിമാനം മുതലായവ.  മത്സരങ്ങൾ വാശിയേറിയതാകുമ്പോൾ കാണികളുടെ ആകാംക്ഷ വർദ്ധിച്ചു വരും. അതിന് പെട്ടെന്ന് തന്നെ പരിസമാപ്തിയും ഉണ്ടാവും. ജീവിതത്തിൽ വിജയിക്കാനും വേണം വാശി. പഠിത്തതിലും നല്ല സ്വഭാവരൂപവത്കരണത്തിലും അത് ഉപകരിക്കും.

അതേസമയം മനുഷ്യർ കൈവശം വെച്ച് കൊണ്ടിരിക്കുന്ന വാശിയും, വൈരാഗ്യവും ദുരഭിമാനവും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും, സമാധാനത്തെയും  എന്തിന്, ജീവനും സ്വത്തിനും ശോഭനമായ ഭാവിക്കും   തന്നെ ദോഷകരമായി ബാധിക്കും. ഇന്നത്തെ കാലത്ത് ആളുകളോട് ഇടപഴകുന്നത് സൂക്ഷിക്കണമെന്ന് പൊതുവേ അഭിപ്രായം ഉണ്ട്. ഏറ്റവും കൂടുതൽ വാശി കാണിക്കുന്നതും പിന്നീട് വൈരാഗ്യത്തിലേക്ക് നയിക്കുന്നതും പൊതു സ്ഥലങ്ങളിൽ ആണ്, പ്രത്യേകിച്ച് റോഡുകളിൽ.

അത് ഏറെക്കുറെ  ഡ്രൈവിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം. അത് പോലെ അയൽക്കാർ തമ്മിൽ, സഹപാഠികൾ തമ്മിൽ, സഹപ്രവർത്തകർ തമ്മിൽ ഉണ്ടാകുന്ന സ്വരച്ചേർച്ച ഇല്ലായ്മയും വലിയ വാശിക്കും വൈരാഗ്യത്തിനും കാരണമാവാറുണ്ട്. ഇതെല്ലാം സാമൂഹ്യ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. രണ്ട് കൈയും കൂട്ടി അടിച്ചാൽ മാത്രമല്ലേ ശബ്ദം ഉണ്ടാവുകയുള്ളൂ എന്ന ഉപദേശം ഇന്ന് വിലയില്ലാതായിരിക്കുന്നു. എങ്കിലും ഒരു കാര്യം ഓർക്കുക. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന കാട്ടുനീതിയിലേക്ക് പോകാതെ മറ്റുള്ളവരുടെ മുമ്പിൽ ശിരസ്സ് ഉയർത്തി നിൽക്കാൻ ശ്രമിച്ചാൽ മതി. അതാണ് അവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല തിരിച്ചടി എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web