"നിങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ സൗഹൃദത്തിൻ്റെ വിത്ത് പാകുക; മടങ്ങിവരുമ്പോൾ ഒരു ചിരി പൂവിട്ടു നിൽക്കുന്നത് കാണാം" ഇന്നത്തെ ചിന്താവിഷയം 
 

 
friends

നിഷ്കളങ്കരായ മനുഷ്യർ കുറഞ്ഞു കുറഞ്ഞ് വരികയാണല്ലോ. ഒരുപക്ഷേ സാഹചര്യങ്ങൾ ആയിരിക്കാം മനുഷ്യരെ സ്വാർത്ഥരും, ഏകാന്തപഥികരും ഒക്കെ ആക്കി മാറ്റുന്നത്.

ശിശുക്കളെ പോലെ  നിഷ്ക്കളങ്കതയുള്ളവരാകാൻ കഴിഞ്ഞാൽ ഏറ്റവും വലിയ ഭാഗ്യമായിരിക്കും. " നിങ്ങൾ മനസാന്തരപ്പെട്ട് ശിശുക്കളെ പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കുകയില്ല" എന്ന മത്തായിയുടെ സുവിശേഷം പതിനെട്ടാം അധ്യായത്തിൽ മൂന്നാം വാക്യത്തിൽ ഇങ്ങനെ ഓർമിപ്പിക്കുന്നുണ്ട്.

മനസ്സിലെ കാപട്യം എല്ലാം കഴുകി കളഞ്ഞാൽ നിർമ്മല ഹൃദയരാകാം. അപ്പോൾ മറ്റുള്ളവരോട് നിഷ്കളങ്കതയോടെ പെരുമാറാൻ സാധിക്കും. ഉള്ളിലുള്ള ഭയത്തെയും, ആകുലതകളെയും, സമ്മർദ്ദങ്ങളെയും നിഷ്ക്കളങ്കതകൊണ്ട് തോൽപ്പിക്കാൻ പറ്റും.  യാത്രാവേളകളിൽ നമുക്ക് ചുറ്റും കാണുന്നവരെ, അപരിചിതർ ആയാൽ പോലും സൗഹൃദത്തിൻ്റെ കരങ്ങൾ അവരുടെ നേരെ നീട്ടുക.

ഒരു പുഞ്ചിരിയിൽ  സൗഹൃദം തുടങ്ങിവയ്ക്കാം. എന്നേക്കും നീണ്ടുനിൽക്കുന്ന ഉറച്ച കൂട്ടുകെട്ടിന്റെ കൊട്ടാരത്തിന്  തറക്കല്ലിടാം. പിന്നൊരുനാൾ തിരികെ വരുമ്പോൾ സൗഹൃദത്തിൻ്റെ കൊട്ടാരം ഉയർന്നിരിക്കും. ആ കൊട്ടാരമുറ്റത്തെ ഉദ്യാനത്തിൽ സൗഹൃദ പൂക്കൾ പുഞ്ചിരിക്കുന്നത് കണ്ടു നിങ്ങൾ അതിശയിക്കും.


സുഭാഷ് ടിആർ
 

Tags

Share this story

From Around the Web