"നിങ്ങളെ ശരിക്കും വിലമതിക്കുന്ന, ആത്മാർത്ഥമായി സ്നേഹിക്കുന്ന, ആഴത്തിൽ ബഹുമാനിക്കുന്ന, നിങ്ങളോടൊപ്പം വളരുന്ന ഒരാളോടൊപ്പം ആയിരിക്കുക" ഇന്നത്തെ ചിന്താവിഷയം
നിങ്ങൾക്ക് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങളിൽ വ്യാപൃതരാവുകയും, സമാധാനം തരുന്ന മേഖലകൾ കണ്ടെത്തുകയും ചെയ്താൽ ജീവിതത്തിൽ സ്വസ്ഥത ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യർ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമായ ലക്ഷ്യങ്ങളിലേക്ക് എത്താൻ മനസ്സമാധാനം ഉണ്ടാകണം എന്നും അറിയാമല്ലോ.
പലരും ജീവിതത്തിൽ പരാജയപ്പെടുന്നത് മുഖ്യമായും സ്വസ്ഥതയും സമാധാനവും സന്തോഷവും ഇല്ലാതെ വരുമ്പോൾ ആകണം. മനസ്സിനെ സ്വസ്ഥമായി വിട്ടാൽ ചിന്തകൾ നല്ലതാകും. പുതിയതും മികച്ചതുമായ ആശയങ്ങൾ, അത് ബിസിനസ്സ് സംബന്ധിച്ചോ, പഠനം സംബന്ധിച്ചോ, ജോലി സംബന്ധമായോ ഒക്കെ ആകാം. നമ്മുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അനേകം ഘടകങ്ങൾ നമ്മുടെ ചുറ്റും ഉണ്ടാകും. അത് വിദഗ്ധമായി തിരഞ്ഞെടുക്കാൻ കഴിയണം.
നമ്മളോട് ഒപ്പം ഉള്ളവർക്കും നമ്മളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമല്ലോ. നമ്മുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, സഹപാഠികൾ, സഹപ്രവർത്തകർ, ജീവിതപങ്കാളി, ബന്ധുക്കൾ തുടങ്ങി ഒട്ടേറെ ആളുകൾ നമ്മുടെ ജീവിതത്തിൽ കടന്നു വരും. ഇവരിൽ ആരുടെ സാമിപ്യം ആയിരിക്കും നമ്മൾക്ക് ഏറ്റവും കൂടുതൽ ഊർജ്ജം പകരുന്നത് എന്ന് മനസ്സിലാക്കുക. നിങ്ങളെ വിലമതിക്കുന്നവർ ആരെന്ന് അറിയണം.
നിങ്ങളോട് കറകളഞ്ഞ സ്നേഹമാണോ അവർക്ക് എന്ന് തിരിച്ചറിയുന്നത് നല്ലതാണ്. അവർക്ക് നിങ്ങളോടുള്ള ബഹുമാനത്തിന്റെ ആഴവും വ്യാപ്തിയും പരിഗണിക്കാം. മാത്രമല്ല, ഇങ്ങനെയുള്ള ആളുകൾ നിങ്ങളോടൊപ്പം വളരുന്നവരാണ് എങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാം. അങ്ങനെയുള്ളവരോടൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക. ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും എന്നും നിലനിൽക്കും.
സുഭാഷ് ടി ആർ