"ചില വേർപിരിയലുകൾ  ഒരു അനുഗ്രഹമാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
couple

മനുഷ്യബന്ധങ്ങൾ എല്ലാ കാലത്തും ഒരുപോലെ ആയിരിക്കും എന്ന് പറയാൻ പറ്റുമോ.? പറ്റത്തില്ല എന്ന് തന്നെയായിരിക്കും കൂടുതൽ ആളുകളും പറയുക. ഒരമ്മ പെറ്റ മക്കൾ തമ്മിൽ ഉള്ള ബന്ധം പോലും ശിഥിലമാകുന്നില്ലേ. മാതാപിതാക്കളിൽ നിന്നും പിണങ്ങി  ജീവിക്കുന്ന മക്കളില്ലേ.! കാലം  കരുതിവച്ചിരിക്കുന്നത് എന്താണെന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ പറ്റത്തില്ലല്ലോ.

ചില ആളുകളുമായി വർഷങ്ങളായി ഉണ്ടായിരുന്ന  അടുപ്പവും, സ്നേഹവും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നില്ലേ. ഇത്തരത്തിലുള്ള വേർപിരിയലുകൾ  ആദ്യം ഇരുകൂട്ടർക്കും  വലിയ മാനസികവിഷമം ഉണ്ടാക്കും. ഒറ്റപ്പെടുന്നതായി  നമുക്ക് തോന്നും. മാറ്റേണ്ടവരെ മാറ്റിനിർത്തിയതും,  അകലേണ്ടവരെ അകറ്റിനിർത്തിയതും അനുഗ്രഹമായിരുന്നു എന്ന് കാലം നമ്മൾക്ക് വെളിപ്പെടുത്തി തരും.

ഉദാഹരണത്തിന്, നമ്മളോട് പുറമേ  സ്നേഹം കാണിക്കുകയും, എന്നാൽ നമ്മുടെ ജീവിതത്തിൽ ഒരു നല്ല കാര്യം ഉണ്ടാകുമ്പോൾ, പുരോഗതി ഉണ്ടാകുമ്പോൾ   നെഗറ്റീവ് അഭിപ്രായം പറഞ്ഞ് നമ്മളെ മാനസികമായി തളർത്തുന്നവരിൽ നിന്നും എത്രയും വേഗം ഒഴിഞ്ഞുമാറിയാൽ  മനസമാധാനം കിട്ടില്ലേ.  ചില ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സഞ്ചരിക്കുമ്പോഴാണ്  നമ്മുടെ യഥാർത്ഥ കഴിവുകൾ പുറത്തെടുക്കാൻ പറ്റുന്നത്.

അത്  നമ്മുടെ തൊഴിൽ മേഖലകളിലും, വ്യക്തി ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട്, സന്തോഷിപ്പിച്ച് കൊണ്ട് ജീവിക്കാൻ ആരെക്കൊണ്ട് സാധിക്കും. നമ്മളെ മാനിക്കാത്ത ഇടങ്ങളിൽ കാത്തുകെട്ടി കിടക്കരുത്.

ഇത്രയും നേരത്തെ അവിടെ നിന്നും ഇറങ്ങിപ്പോവുക. അത് സ്വാർത്ഥതയല്ല, മറിച്ച് നമ്മുടെ ഭാവിജീവിതം സംരക്ഷിക്കാൻ വേണ്ടിയാണ്. ചില ഇടങ്ങളെ ഉപേക്ഷിക്കുന്നത് കൊണ്ട് നമ്മൾ ബലവാന്മാരും പ്രബുദ്ധരും ആകും എന്നതിൽ സംശയമില്ല.

സുഭാഷ് ടിആർ

Tags

Share this story

From Around the Web