"ചില ദിവസങ്ങളിൽ നിങ്ങൾ പൂക്കും, ചില ദിവസങ്ങളിൽ നിങ്ങൾ വേരുകൾ വളർത്തും. രണ്ടും പ്രധാനമാണ്"ഇന്നത്തെ ചിന്താവിഷയം

എന്നും പറയാറുള്ളത് പോലെ, മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ്. പ്രകൃതിയിൽ നിന്നുമാണ് മനുഷ്യൻ പലതും പഠിക്കുന്നത്. മണ്ണിൽ നിന്ന് മനുഷ്യൻ ജനിക്കുകയും മണ്ണിലേക്ക് മടങ്ങുകയും ചെയ്യുമല്ലോ.
നമുക്ക് ചുറ്റുമുള്ള ചെടികളെയും വൃക്ഷങ്ങളെയും മറ്റു ലതകളെയും നോക്കൂ. അവ ചില കാലങ്ങളിൽ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യും. മറ്റ് ചിലപ്പോൾ പൂക്കളും കായകളും ഇല്ലാതെ, ഇലകൾ പൊഴിച്ച്, ഇലകൾ തളിർത്ത് വളരുകയും ചെയ്യും. ഈ ചംക്രമണം തുടർന്നുകൊണ്ടേയിരിക്കും. അതുപോലെയാണ് മനുഷ്യ ജീവിതവും.
മനുഷ്യന് വളരാനും പുരോഗതി പ്രാപിക്കാനും ഉള്ള എല്ലാം തന്നെ അവൻ്റെ ചുറ്റുപാടും ഉണ്ട്. അത് കണ്ടെത്തി അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഒരു ചെടി ചെയ്യുന്നതുപോലെ, തളിർക്കുകയും പൂക്കുകയും ഇലകൾ പൊഴിക്കുകയും വളരുകയും ചെയ്യണം. വൃക്ഷ ലതാദികൾക്ക് അവർ നിൽക്കുന്ന ഇടങ്ങളിൽ മാത്രം നിന്നുകൊണ്ട് വേണം ജീവിതം പൂർത്തിയാക്കാൻ.
ആ പരിമിതിയിൽ നിന്നുകൊണ്ട് വേണം അവർക്ക് വളരാനും പൂക്കാനും. എന്നാൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന് ഇഷ്ടമുള്ളത് ചെയ്യാനും ഇഷ്ടമുള്ളിടത്ത് പോകാനും ജോലിചെയ്യാനും ഒക്കെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്. അത് മനുഷ്യനെ കൂടുതൽ സ്വതന്ത്രനാക്കുകയും അവൻ്റെ ഇഷ്ടാനിഷ്ടങ്ങളെ നേടിയെടുക്കാൻ പ്രാപ്തനാക്കുകയും ചെയ്യും.
വൃക്ഷങ്ങളെപ്പോലെ തന്നെ, എന്നും എപ്പോഴും എല്ലാക്കാലത്തും മനുഷ്യനും ലഭിക്കത്തില്ല. കൊടുംവേനലും വരൾച്ചയും ശൈത്യവും വർഷപാതവും അതാത് കാലങ്ങളിൽ മാത്രമല്ലേ വരാറുള്ളൂ. കത്തിയമരുന്ന വേനലിൽ വൃക്ഷങ്ങൾ മഴ കൊതിക്കാറില്ലേ. എന്നാൽ കൊടും ചൂടിൽ മഴ ലഭിക്കുമോ.
എന്നിട്ട് ചെടികൾ ജീവിക്കുന്നില്ലേ. അതുപോലെ പുഷ്പിക്കേണ്ട സമയത്ത് നമ്മളും പൂക്കൾ വിരിയിക്കുക. കൊയ്ത്തുകാലത്ത് കൊയ്തെടുക്കുക അല്ലാത്തപ്പോൾ വേരു ഉറപ്പിച്ച് വളരുക. ഇത് രണ്ടിനും മനുഷ്യ ജീവിതത്തിൽ പ്രാധാന്യമുണ്ടെന്ന് ഓർക്കുക.
ഇന്നത്തെ ചിന്താവിഷയം