"ചില സംഭാഷണങ്ങൾക്ക് വാക്കുകളുടെ ആവശ്യമില്ല. വികാരങ്ങളാണ് ആത്മാവിന്റെ ഭാഷകൾ" ഇന്നത്തെ ചിന്താവിഷയം 
 

 
happy

മനുഷ്യർ വാക്കുകൾ കൊണ്ടാണ് ആശയവിനിമയം നടത്തുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. എന്നാൽ വാക്കുകളെക്കാൾ മൂർച്ച ചില നേരങ്ങളിലെ മൗനത്തിന് ഉണ്ടായിരിക്കും. മൗനം മധുരതരവും, നൊമ്പരവും ആയി മാറുന്ന സാഹചര്യങ്ങളും ഉണ്ടാവും.

നമ്മുടെയൊക്കെ ഉള്ളിലെ വിചാര വികാരങ്ങൾ ആണല്ലോ വാക്കുകളിലൂടെ പുറത്തേക്ക് വരുന്നത്. പല അവസരങ്ങളിലും വാക്കുകളും അപ്രസക്തമാകാറില്ലേ.  

പറയേണ്ട സമയത്ത് പറയേണ്ട കാര്യങ്ങൾ പറയാതെ മൗനം പാലിച്ചാൽ ആ മൗനം ഒരുപക്ഷേ എന്നെന്നും ആത്മ നൊമ്പരങ്ങൾക്ക് വഴി തുറക്കുമായിരിക്കും.

എന്നാൽ മറ്റൊരാളോട് സംസാരിക്കാൻ ഭാഷയുടെ ആവശ്യമില്ലന്നും നമുക്കറിയാം. മൗനത്തോടെ ആണെങ്കിലും ആ ഭാഷയ്ക്ക് ആയിരം വാക്കുകളുടെ ശക്തി ഉണ്ടായിരിക്കും.

നമ്മുടെ കണ്ണുകൾ, നമ്മുടെ മുഖഭാവങ്ങൾ, നമ്മുടെ ശരീര ഭാഷ ഇതെല്ലാം വാക്കുകൾക്ക് പകരം വയ്ക്കാറില്ലേ.! മനസ്സിൻ്റെ ഭാഷയ്ക്ക് ഉച്ചാരണത്തിന്റെ ആവശ്യമില്ല.

പുറത്തേക്ക് പ്രകടിപ്പിക്കുന്ന വികാരങ്ങൾ ഭാഷയുടെ അകമ്പടിയോടെ ആകണമെന്നില്ല. ഒരു നോട്ടം, ഒരു പുഞ്ചിരി, കണ്ണുകളിൽ വിരിയുന്ന വിവിധ ഭാവങ്ങൾ ഇതെല്ലാം നമ്മൾ ആശയവിനിമയത്തിന് ഉപയോഗിക്കാറുണ്ടല്ലോ.

അന്യരുടെ സന്തോഷത്തിലും, ദുഃഖത്തിലും നമ്മൾ പങ്കുചേരുമ്പോൾ നമ്മുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങാറുണ്ട്. അപ്പോൾ നമ്മുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ പറ്റും നമ്മുടെ ഉള്ളിലെ വികാരങ്ങളും വിചാരങ്ങളും എന്താണെന്ന്.!

സുഭാഷ് ടിആർ

Tags

Share this story

From Around the Web