"ഒരിക്കലും ചതിക്കാത്ത ആത്മസുഹൃത്താണ് മൗനം"ഇന്നത്തെ ചിന്താവിഷയം

മൗനം ആത്മസുഹൃത്തായി മാറുന്ന ഒട്ടനവധി മുഹൂർത്തങ്ങൾ മനുഷ്യജീവിതത്തിൽ ഉണ്ടാകാറുണ്ടല്ലോ. ചില മനുഷ്യർ മറ്റുള്ളവരുമായി പലപ്പോഴും തർക്കത്തിൽ ഏർപ്പെടാറുണ്ട്. ചിലർ എന്തിനും ഏതിനും പ്രതികരിക്കാറുമുണ്ട്.
മറ്റുചിലരാകട്ടെ, മിക്കപ്പോഴും നിശബ്ദരായി കാണപ്പെടുന്നു. അവരുടെ ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച് എല്ലാം അറിയുന്നുണ്ടെങ്കിലും പ്രതികരിച്ചിട്ട് കാര്യമില്ല എന്നോർത്തിട്ടാണോ അതോ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടാണോ എന്നറിയില്ല, അവർ സ്വയം മൗനം പാലിക്കുകയാണ്, മിണ്ടാതിരിക്കുകയാണ്.എന്നാൽ ഈ മൗനം അങ്ങനെയുള്ളവർക്ക് പല സന്ദർഭങ്ങളിലും ഗുണമായി മാറുന്നതും കാണാം.
കൺമുന്നിൽ കാണുന്നതുപോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണല്ലോ ഇന്ന്. മുന്നിൽ തെളിയുന്ന സത്യത്തെ പോലും അസത്യമാക്കുന്ന ആളുകൾ ചുറ്റുപാടും സമൂഹത്തിലും ഒക്കെയുണ്ട്.
തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാൽ, ചൂണ്ടിക്കാണിക്കുന്നവരെ തെറ്റുകാരൻ ആക്കുന്ന ഒരു പൊതുബോധം ഇന്ന് പലരിലും അങ്കുരിച്ചിട്ടുണ്ട്. പണവും സ്വാധീനവും കയ്യൂക്കും നാട് ഭരിക്കുന്ന കാലത്ത്, മനുഷ്യരുടെ ഉള്ളിൽ ശേഷിച്ചിട്ടുള്ള ബാക്കിയുള്ള നന്മ പോലും വറ്റിക്കാനേ ഇത്തരക്കാരെക്കൊണ്ട് സാധിക്കുകയുള്ളൂ.
പ്രതികരിക്കുന്നവരെ മൂലക്കടിച്ചിരുത്തുന്ന പ്രവണത ഇന്ന് സമൂഹത്തിൽ കൂടിക്കൂടി വരികയാണ്. മറ്റുള്ളവരുടെ മുന്നിൽ ഇത്തരക്കാരെ ആപഹാസ്യരാക്കാൻ ആളുകൾ തഞ്ചം പാർത്തിരിക്കുന്നു. അതുകൊണ്ടായിരിക്കാം, ബുദ്ധിയുള്ളവർ പല കാര്യങ്ങളും സത്യം ആണ് എന്ന് അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത്.
അവരുടെ മൗനം അവർക്ക് തുണയാകുന്നത് അപ്പോഴാണ്. ഒരുപക്ഷേ, അന്നവർ മൗനം ഭഞ്ജിച്ചിരുന്നെങ്കിൽ അവർക്കത് വിനാശകരമായി ഭവിച്ചേനേ. അവരുടെ മൗനം ആത്മസുഹൃത്തിന്റെ രൂപത്തിൽ അവരുടെ രക്ഷയ്ക്ക് എത്തുന്നത് തക്ക സമയത്താണ്.
സുഭാഷ് ടിആർ