"സംതൃപ്തി എന്നത് നിങ്ങൾ ആഗ്രഹിക്കുന്നത് നേടുന്നതിലല്ല, മറിച്ച് നിങ്ങളുടെ കൈയ്യിൽ ഇപ്പോൾ ഉള്ളതിനെ സ്നേഹിക്കുന്നതിലാണ്" ഇന്നത്തെ ചിന്താവിഷയം
"ഉള്ളത് കൊണ്ട് ഓണം പോലെ" എന്ന മലയാളത്തിലെ ഒരു ചൊല്ല് കേട്ടിട്ടുണ്ടല്ലോ.
മനുഷ്യർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവിക്കാനുള്ള ഉപദേശമാണിത്.
നമ്മുടെ കയ്യിൽ എന്താണോ ഉള്ളത് അതിൽ സംതൃപ്തരാവുക എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ മേഖലകൾ തേടാനും, വലിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും ഉള്ള പാച്ചിലിൽ ആണല്ലോ ലോകം.
പണവും, ആഡംബര വാഹനങ്ങളും, കൊട്ടാര സദൃശമായ വീടുകളും എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഈ സ്വപ്നം സഫലമായാൽ യഥാർത്ഥത്തിൽ സംതൃപ്തി ഉണ്ടാകുമെന്ന് നമ്മൾ വിചാരിക്കുന്നുണ്ടാവും. നമ്മൾ ആഗ്രഹിച്ച കാര്യം നേടിയാൽ മനസ്സ് അടുത്തത് ആഗ്രഹിക്കും.
മനുഷ്യമനസ്സ് ഒരിക്കലും ഒന്നുകൊണ്ടും തൃപ്തിയാവുകയില്ല എന്ന് പലരുടെയും അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. യഥാർത്ഥ സംതൃപ്തി കണ്ടെത്തേണ്ടത് നമ്മുടെ മനസ്സിൽ തന്നെയാണ് എന്ന് ഓർക്കുക.
ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാൻ പറ്റത്തില്ല. ആഗ്രഹങ്ങൾ അത്യാഗ്രഹമായാൽ മനസമാധാനം നഷ്ടപ്പെടും. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ പഠിക്കുക. ദൈവം നമുക്ക് നൽകിയ ജീവിതത്തെ സ്നേഹിക്കുക. അതിൽ സന്തോഷം കണ്ടെത്തുക. അപ്പോൾ ജീവിതം അർത്ഥപൂർണ്ണം ആകുന്നത് ആസ്വദിക്കുക.
സുഭാഷ് ടിആർ