"എല്ലാം ശരിയാകും എന്ന ശാന്തമായ ഉറപ്പിൽ വിശ്രമിക്കുന്നത് അളക്കാനാവാത്ത ശക്തിയുടെ ഉറവിടമാണ്"  ഇന്നത്തെ ചിന്താവിഷയം 

 
think

ചില ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയത്തില്ല. എടുക്കാൻ പറ്റാത്ത ജീവിതഭാരവും,  മാനസിക പിരിമുറുക്കങ്ങളും അനുഭവിക്കുന്ന ധാരാളം ആളുകൾ സമൂഹത്തിൽ ഉണ്ട്. എന്നാൽ അവരുടെ പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും അവർ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണെന്ന് തോന്നുകയില്ല.

കടന്ന് വന്ന വഴികളിലെ  പ്രതിസന്ധികളും പരാജയങ്ങളും തകർച്ചകളും നിറഞ്ഞ  ജീവിതത്തെ ഓർത്ത് ഭൂരിഭാഗം മനുഷ്യരും   നിരാശരരാകുകയും ഭയപ്പെടുകയും ചെയ്യാറുണ്ട്. എല്ലാം ശരിയാകും എന്ന അടിയുറച്ച വിശ്വാസം ഉള്ളവർ ജീവിതത്തിൽ ഒരിക്കലും തകരുകയില്ല. ഈ വിശ്വാസം ഉള്ളതുകൊണ്ടാണ് പലരുടെയും മുഖത്ത് പ്രത്യാശയും സന്തോഷവും പുഞ്ചിരിയും നിറഞ്ഞുനിൽക്കുന്നത്. ഓരോ മനുഷ്യരും ആഗ്രഹിക്കുന്നത് ഇത്തരം സമാധാനം എന്നും ഉണ്ടാവണമെന്നും, അത്  എന്നെന്നും നിലനിൽക്കണം  എന്നുമല്ലേ. 

സ്വസ്ഥതയും സമാധാനവും ഏറ്റവും വലിയ ഊർജ്ജവും ശക്തിയുമാണ്. പ്രതിസന്ധികൾ  ഉണ്ടാകുമ്പോൾ മനസ്സ് 
കലുഷിതമാകും. അതേ ചൊല്ലി മനസ്സ് ഉത്കണ്ഠാകുലമാകും.  എന്നാൽ ഈ ആകുലതകൾക്ക്   പ്രശ്നങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നില്ല. ഈ ബുദ്ധിമുട്ടുകൾ എല്ലാം താൽക്കാലികമാണെന്നും നാളെകൾ നമ്മുടേതാണെന്നും പ്രത്യാശിച്ച് മനസ്സിനെ സ്വതന്ത്രമാക്കിയാൽ  ലഭിക്കുന്ന ശാന്തത മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജമാണ്.

പ്രപഞ്ചത്തിന് ഒരു നിയമമുണ്ട്. അത് സംഭവിയ്ക്കേണ്ട സമയത്ത് തന്നെ സംഭവിച്ചിരിക്കും.  കാലത്തിന്  മുറിവുകളെ ഉണക്കാൻ കഴിവില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ. ഇന്ന് ഉണ്ടായ പരാജയങ്ങൾ നാളെയുടെ  വിജയത്തിലേക്കുള്ള സോപാനങ്ങളാണ്.  ഈ പ്രപഞ്ച സത്യത്തെ ഉൾക്കൊണ്ടാൽ  ആത്മവിശ്വാസം ഇരട്ടിയാകും. മറ്റുള്ളവർ ഇത്തരം പ്രത്യാശകളെയും പ്രതീക്ഷകളെയും  നിഷ്ക്രിയത്വമെന്നോ, അലസതയെന്നോ പറഞ്ഞ് ആക്ഷേപിക്കാം.

അതിനൊന്നും ചെവി കൊടുക്കേണ്ട ആവശ്യമില്ല. നമുക്ക് ചുറ്റും എന്തു തന്നെ സംഭവിച്ചാലും, പ്രത്യാശ കൈവിടരുത്. നാളെകൾ ശുഭകരമാകും എന്ന വിശ്വാസം ഉണ്ടെങ്കിൽ ആശങ്കകളും ആകുലതകളും  പേടിയും നമ്മളെ തൊടുക പോലും ഇല്ല. ഈ ഉറപ്പ് മനസ്സിലുള്ളപ്പോൾ നമ്മുടെ മുഖത്ത് പുഞ്ചിരി വിടരും. നമ്മുടെ ചുറ്റുമുള്ള വരും അത് കണ്ട് പുഞ്ചിരിക്കട്ടെ.!

സുഭാഷ് ടിആർ

Tags

Share this story

From Around the Web