"ശാന്തമായി വിശ്രമിക്കുക. നിങ്ങളുടെ ശക്തിയെ പുതുക്കുക. സൌമ്യമായി ഉന്മേഷത്തോടെ എഴുന്നേൽക്കുക. ജീവിതം നിശബ്ദവും അദൃശ്യവുമായ ഒരു കൃപയാൽ തിളങ്ങുന്നത് കാണാം" ഇന്നത്തെ ചിന്താവിഷയം
പലരും പറയാറുണ്ട്, "ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ട് ഒരുപാട് നാളായി.!" കേൾക്കുന്നവർക്ക്, ഇത് പറയുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ മനസ്സിലാകണമെന്നില്ല. ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാകണമെന്നാണല്ലോ നമ്മളെല്ലാം ആഗ്രഹിക്കുന്നതും കൊതിക്കുന്നതും. എന്നാൽ കൊതിച്ചത് മിക്കവാറും കിട്ടാറില്ല. വിധിച്ചത് അല്ലേ ലഭിക്കുകയുള്ളൂ. ബാല്യം കൗതുകത്തിന്റെ ആണ്. കൗമാരം തിരിച്ചറിവിന്റെയും കാഴ്ചകളുടെയും ആണ്.
യൗവ്വനം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ആണ്. ഈ മൂന്ന് കാലഘട്ടത്തിലും മനുഷ്യർ മതിമറന്ന് ആഹ്ലാദിക്കാറുണ്ട്, വിശ്രമിക്കാറുണ്ട്, ഉറങ്ങാറുണ്ട്. യൗവ്വന കാലഘട്ടത്തിൽ വിദ്യാഭ്യാസ പൂർത്തീകരണവും, ജോലി ലഭ്യതയും നടക്കാം, നടക്കാതിരിക്കാം. കുടുംബ ജീവിതത്തിൻ്റെ അകത്തളങ്ങളിലേക്ക് പാദമൂന്നുന്ന യൗവ്വന കാലം. എല്ലാ മനുഷ്യരും കടന്നുവരുന്ന വഴികൾ ഏതാണ്ട് ഇതൊക്കെ തന്നെയാണ്.
ഇതിൽ നിന്നും വ്യത്യസ്ഥമായി, ചില ഘട്ടങ്ങൾ ചാടിക്കടക്കുന്നവരും, അതിക്രമിച്ച് കടക്കുന്നവരും നമ്മുടെ ഇടയിൽ ഒക്കെയുണ്ട്. പറഞ്ഞുവരുന്നത് മനുഷ്യൻ്റെ നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടം ഇവിടെ യൗവ്വന കാലഘട്ടത്തിൽ തുടങ്ങുകയാണ്. ചിലർക്ക് വിശ്രമമില്ലാത്ത നാളുകൾ ആയിരിക്കാം മുന്നിലുള്ളത്. വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ അങ്ങനെയങ്ങ് പോകുന്നവരും ഉണ്ട്. യാതൊരു കുഴപ്പവുമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരുമുണ്ട്.
അവർക്കും പ്രശ്നങ്ങൾ ഉണ്ടാവാം. യൗവ്വന കാലത്താണ് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ മനുഷ്യർ നേരിടേണ്ടി വരുന്നത്. വളരെ ശ്രദ്ധാപൂർവ്വം ജീവിതത്തെ നോക്കി കാണേണ്ട കാലഘട്ടമാണിത്. നല്ല വഴിയെ മുന്നോട്ടു പോകാനും, തെറ്റായ വഴിയിലേക്ക് പതിക്കാനും ഈ കാലഘട്ടത്തിൽ സാധ്യതയുണ്ട്. ഹിതോപദേശങ്ങൾ ഒന്നും തന്നെ ഈ അവസരത്തിൽ പലർക്കും സ്വീകാര്യവും അല്ല.
എന്ത് തന്നെ ആയാലും ജീവിതം അവസാനിക്കും വരെ പൊരുതേണ്ടി വേണ്ടിവരുമല്ലോ. പ്രതീക്ഷകൾ അസ്ഥാനത്താകാം, കരുത്ത് ചോർന്നു പോകാം, വിമർശനങ്ങളുടെ കൂരമ്പുകൾ മനസ്സിനെ കീറിമുറിച്ചേക്കാം. കൂടെ നടന്നവരും, കൂടെ നിന്നവരും ഒഴിഞ്ഞുപോകാം. ഒറ്റപ്പെടലിലെ തീരാ വേദനയിൽ ജീവിതം വിരസമാകുന്ന കാലത്ത് വിശ്രമവും ഉറക്കവും മനുഷ്യനിൽ നിന്ന് അകന്ന് പോകും. ഇത് സ്വാഭാവികമാണ്. വേനലും, മഴയും, മഞ്ഞും, എല്ലാം അതാത് സമയത്ത് പ്രകൃതി നമ്മുടെ മുമ്പിൽ വിളമ്പിത്തരാറില്ലേ.
അതുപോലെയാണ് ജീവിതത്തിൽ ഉണ്ടാകുന്ന സങ്കടവും സന്തോഷവും ദേഷ്യവും എല്ലാം. എല്ലാം താൽക്കാലികമാണ്. ഒന്നിനെയും കാര്യമായിട്ട് ഉള്ളിലേക്ക് എടുക്കാതിരിക്കുകയാണ് നല്ലത്. എന്നിട്ട്, സമാധാനമായിട്ട് ശാന്തമായി വിശ്രമിക്കുക. അപ്പോൾ നിങ്ങളുടെ ആന്തരികശക്തി തനിയെ പുതുക്കപ്പെടും. വളരെ സൗമ്യമായി, എന്നാൽ ഉന്മേഷത്തോടെ വിശ്രമത്തിൽ നിന്നും എഴുന്നേൽക്കുന്ന നിങ്ങൾക്ക്, ജീവിതം വളരെ നിശബ്ദവും അദൃശ്യവുമായ വരപ്രസാദത്താൽ തിളങ്ങുന്നത് കാണാം.
" ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുമ്പ് യൗവന കാലത്ത് നീ നിൻ്റെ സൃഷ്ടാവിനെ ഓർത്തു കൊള്ളുക" ( സഭാ പ്രസംഗി 12:1)
സുഭാഷ് ടിആർ