" ബഹുമാനം അർഹിക്കുന്നവരല്ലങ്കിൽ പോലും അങ്ങനെയുള്ള ആളുകളെ ബഹുമാനിക്കുക; അവരുടേതല്ല, നിങ്ങളുടെ സ്വഭാവ ഗുണങ്ങളുടെ ബഹിർസ്ഫുരണമാണ് ബഹുമാനിക്കുക എന്നത്" ഇന്നത്തെ ചിന്താവിഷയം

പരസ്പര സ്നേഹവും ബഹുമാനവും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, നമ്മുടെ രാജ്യത്ത്. അപരിചിതരെ പോലും ആദരിക്കാനും ബഹുമാനിക്കാനും നമ്മൾക്ക് ഒരു മടിയും ഇല്ലായിരുന്നു. ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇത്തരം പരസ്പര സ്നേഹവും ബഹുമാനവും എല്ലാം പ്രതിച്ഛായ നന്നാക്കാനുള്ള ചടങ്ങ് ആയി മാറിയിരിക്കുന്നു.
ആ ചടങ്ങ് തീരുന്നതോടെ സ്നേഹവും ബഹുമാനവും തീരും. ഇന്ന് ആർക്കും ആരോടും പ്രത്യേകിച്ച് ഒരു മമതയും കരുതലും ഒന്നും തന്നെയില്ല. എന്നാൽ ഇതിന് അപവാദമായി ചുരുക്കം ചില ആളുകൾ ഇന്നും മറ്റുള്ളവരോട് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആദരവോടെയും ഒക്കെ പെരുമാറുന്നുമുണ്ട്.
അത് അവരുടെ ആത്മാർത്ഥതയുടെ, സ്നേഹത്തിൻ്റെ പ്രതിഫലനമാണ് എന്ന് അവരുടെ ഇടപെടലുകളിലൂടെ മനസ്സിലാക്കാൻ കഴിയും. ഒരാളുടെ സ്വഭാവത്തിന്റെ ബഹിർസ്ഫുരണമാണ് അയാളുടെ പ്രവർത്തികളും സംസാരവും എല്ലാം.
മറ്റുള്ളവരോട് ഹൃദ്യമായി പെരുമാറുന്നവർ ഇന്നും അവിടവിടെയായി അവശേഷിക്കുന്നുണ്ട്. നമ്മളോട് എത്രമാത്രം നീചമായ പ്രവർത്തികൾ ചെയ്തവരോടും, "വായിൽ കോലിട്ട് കുത്തിയാലും മിണ്ടാത്തവരോടും" എപ്പോഴും മുഖത്ത് മറ്റുള്ളവരോട് വെറുപ്പും അവജ്ഞയും പ്രകടിപ്പിക്കുന്നവരോടും ബഹുമാനം കാണിക്കാം.
ഇത്തരം അർഹതയില്ലാത്തവരോടും ബഹുമാനം കാണിക്കുന്നതിലൂടെ നിങ്ങളുടെ സ്വഭാവ സവിശേഷതയാണ് പുറത്തുവരുന്നത്. മറ്റുള്ളവരെ നിങ്ങൾ ബഹുമാനിക്കുന്നത് നിങ്ങളുടെ സ്വഭാവ ഗുണങ്ങൾ കൊണ്ടാണ്, അവരുടേതല്ല എന്ന് ഓർക്കുക.!
സുഭാഷ് ടിആർ