"നിങ്ങൾ എത്ര സമ്പന്നനാണെന്ന് നന്ദിയോടെ ഓർക്കുക. നിങ്ങളുടെ കുടുംബം വിലമതിക്കാനാവാത്തതാണ്, നിങ്ങളുടെ സുഹൃത്തുക്കൾ അപൂർവ മുത്തുകളാണ്, നിങ്ങളുടെ സമയം സ്വർണ്ണമാണ്"ഇന്നത്തെ ചിന്താവിഷയം

"യൗവ്വന കാലത്ത് നിന്റെ സൃഷ്ടാവിനെ ഓർത്തുകൊള്ളുക" (സഭാ പ്രസംഗകൻ 12:1) എന്ന വചനമാണ് ഇന്നത്തെ ചിന്താ വിഷയത്തിന് ആധാരമായ ഈ വാചകം കണ്ടപ്പോൾ തോന്നിയത്. സമ്പത്ത് കുമിഞ്ഞു കൂടുമ്പോൾ മനുഷ്യർ വിനീതഹൃദയരാവുകയാണോ അഹങ്കാരികളാവുകയാണോ ചെയ്യുന്നത് എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം.
ചില ആളുകൾ സമ്പത്തിൽ മതി മറന്ന് അഹങ്കരിക്കും. അതേസമയം മറ്റു ചിലർ തന്നെ സമ്പന്നനാക്കിയ ദൈവത്തോട് എന്നും നന്ദിയുള്ളവനായിരിക്കും.
അങ്ങനെയുള്ളവർ നിറയെ കായഫലം പേറുന്ന വൃക്ഷം പോലെ നമ്രശിരസ്കരാകുകയും തന്റെ കുടുംബത്തോട് എന്നും ചേർന്ന് നിൽക്കുകയും ചെയ്യും. കാരണം കുടുംബം വിലമതിക്കാനാവാത്തതാണ് എന്ന വിശ്വാസം അവരിൽ രൂഢമൂലമാകും.
ദൈവവചനം ഇവിടെയും നമ്മളെ ഓർമിപ്പിക്കുന്നത് ഇതാണ്. "നിൻ്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിൻ്റെ മക്കൾ നിന്റെ മേശക്ക് ചുറ്റും ഒലിവ് തൈകൾ പോലെയും ഇരിക്കും.
കർത്താവിൻ്റെ ഭക്തൻ ഇപ്രകാരം അനുഗ്രഹിക്കപ്പെടും" (സങ്കീർത്തനങ്ങൾ 128 3; 4) ഇങ്ങനെ അറിയുന്നവനും അനുഗ്രഹിക്കപ്പെട്ടവനും ദൈവത്തിന് എന്നും പ്രിയങ്കരനായിരിക്കും. അവൻ എന്നും ദൈവത്തോട് നന്ദിയുള്ളവനായിരിക്കും. അതുമാത്രമല്ല, അവൻ്റെ സുഹൃത്തുക്കൾ ഏത് സാഹചര്യത്തിലും അവനോടൊപ്പം ഉണ്ടാവുന്നത് കാണാൻ കഴിയും.
അങ്ങനെയുള്ള ചങ്ങാതികൾ അപൂർവങ്ങളായ മുത്തുകളായി തിളങ്ങില്ലേ. അങ്ങനെ ഉള്ളവരുടെ സമയവും വിലയേറിയതായിരിക്കും.സ്വർണ്ണത്തിൻ്റെ മൂല്യമാണ് അവരുടെ സമയത്തിന് ഉള്ളത് എന്ന് തിരിച്ചറിയുന്നത്, ഇനിയും കൊയ്യാൻ ബാക്കിയുള്ളതിനെക്കുറിച്ചുള്ള അവരുടെ ആശങ്ക കൊണ്ടാണ്.
എന്നാൽ അവരുടെ സമ്പത്ത്, കേവലം നാണയങ്ങളോ സ്വർണമോ ഭൂമിയോ മറ്റ് സ്ഥാവര ജംഗമങ്ങളോ ഒന്നുമല്ല. അത് അവരുടെ ആരോഗ്യം തന്നെയാണ്. "ശരീരമാദ്യം ഖലു ധർമ്മ സാധനം" എന്ന കുമാരസംഭവത്തിലെ കാളിദാസ വരികൾ നമ്മളെ ഇക്കാര്യവും ഓർമിപ്പിക്കും.
സുഭാഷ് ടി ആർ