"കൊടുങ്കാറ്റിനു ശേഷവും മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്നതിന്റെ തെളിവാണ് മഴവില്ലുകൾ"ഇന്നത്തെ ചിന്താവിഷയം 
 

 
happy

നാം അധിവസിക്കുന്ന  ഭൂമി വൈവിധ്യങ്ങളായ നിറങ്ങളിൽ ചാലിച്ചെഴുതിയ വലിയൊരു മഹാകാവ്യമാണ്. ഭൂമിയിലൂടെ എത്ര സംവത്സരങ്ങൾ നിന്നും നടന്നും ഓടിയും യാത്ര ചെയ്താലും ഈ മഹാകാവ്യം വായിച്ച് തീർക്കാൻ പറ്റത്തില്ല.

എത്ര ജന്മമെടുത്താലും അതിന് കഴിയും എന്ന് തോന്നുന്നുമില്ല. അതിലെ ഓരോ അദ്ധ്യായവും( ഉദാ: ഓരോ ദേശങ്ങളും,കാലവും,ഋതുക്കളും)നമ്മളെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.

കവികളെ  ഏറ്റവും കൂടുതൽ തൊട്ടുണർത്തി, കാവ്യഭാവനയെ പുഷ്പിച്ചത്  പ്രകൃതിയായിരുന്നു. "നിറങ്ങളിൽ നീരാടുന്ന ഭൂമി, എനിക്കു നീ ദാനം തന്ന ഭൂമി, മഴവില്ലിൻ അഴകുരുകി പടരുന്ന പൂവനങ്ങൾ" എന്ന് ശ്രീകുമാരൻ തമ്പിയും, "പുഴകൾ മലകൾ പൂവനങ്ങൾ, ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ"എന്ന് വയലാർ രാമവർമ്മയും തങ്ങളുടെ വരികളിലൂടെ, ഭാവനയിലൂടെ ഭൂമിയെ പ്രകീർത്തിച്ചു.

ഈ ഭൂമിയിൽ ജനിച്ച് ജീവിക്കുന്ന ഓരോ മനുഷ്യ ജീവനും ജീവിതത്തെ കുറിച്ചുള്ള  അവൻ്റെ സ്വപ്നങ്ങളിൽ നിറമേഴും ചാലിച്ചെഴുതുന്നത് ഈ ഭൂമിയിലെ വർണ്ണ പരപ്പുകളാൽ തന്നെയല്ലേ.

ജീവിതം നിറങ്ങളാൽ സമൃദ്ധം ആകണമെന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെയില്ല. എന്നാൽ മനുഷ്യ ജീവിതത്തിൽ എന്നും വസന്തം  ഉണ്ടാവണമെന്നും നിലനിൽക്കണമെന്നും പ്രതീക്ഷിക്കാനും സ്വപ്നം കാണാനും അല്ലേ സാധിക്കുകയുള്ളൂ.  ജീവിതം സമുദ്രം പോലെയാണ്.

ജീവിതസാഗരം എന്ന് കവികളും സാഹിത്യകാരന്മാരും പറയാറുണ്ടല്ലോ. അല്ലെങ്കിൽ മണൽ കാറ്റടിക്കുന്ന മരുഭൂമി പോലെ ആണ്. കടൽ ചിലപ്പോൾ ശാന്തമാകും. അല്പനേരം കഴിഞ്ഞാൽ കൊടുങ്കാറ്റ് അടിച്ച് പ്രക്ഷുബ്ധമാകും.

ചില കാലങ്ങളിൽ കൊടുങ്കാറ്റ് അടിച്ചു സകലതിനെയും തരിപ്പണമാക്കും. മറ്റു ചിലപ്പോൾ ഇളം കാറ്റായി സ്വാന്തനിപ്പിക്കും. ഇങ്ങനെ ഓരോ മനുഷ്യൻ്റെയും ജീവിതത്തിലും ഋതുഭേദങ്ങൾ മാറിമറിയാറുണ്ട്. എന്നാൽ, ഏത് പ്രതിസന്ധികളിലും മനസ്സിൻ്റെ ഉള്ളറകളിൽ  പ്രതീക്ഷയുടെ, പ്രത്യാശയുടെ മഴവില്ല് വിരിയാറുമുണ്ട്.

പ്രകൃതിയിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനു ശേഷം ചക്രവാളത്തിൽ വിരിയുന്ന മഴവില്ല് കാണാറില്ലേ. അത് ഒരു ശുഭസൂചനയാണ്. ജീവിതത്തിൽ ഇനിയും നല്ല കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിൻ്റെ ശുഭ സൂചനയായി നമുക്ക് അതിനെ കരുതാം.

ആ മഴവില്ല് നമ്മുടെ മനസ്സിൽ അങ്ങനെ തന്നെ തെളിഞ്ഞു നിൽക്കാൻ പ്രാർത്ഥിക്കാം. നിറങ്ങളിൽ നീരാടി നിൽക്കുന്ന ഭൂമിയെ പോലെ നമ്മുടെ ജീവിതവും നിറങ്ങളാൽ, സന്തോഷത്താൽ എന്നും സമൃദ്ധമായി നിറഞ്ഞുനിൽക്കട്ടെ.

സുഭാഷ് ടിആർ

Tags

Share this story

From Around the Web