"നിങ്ങളുടെ മനസ്സിനെ മാലിന്യത്തിൽ നിന്ന് സംരക്ഷിക്കുക. നിരുത്സാഹപ്പെടുത്തുന്നവരുമായി സമയം ചിലവഴിക്കുന്നത് പരിമിതപ്പെടുത്തുക"
ഇന്നത്തെ ചിന്താവിഷയം
മാനവരാശി അഭിമുഖീകരിക്കുന്ന വലിയ ഭീഷണിയാണ് മാലിന്യങ്ങൾ. ഇതിൽ ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉൾപ്പെടുന്നു. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് മാത്രമല്ല, മനുഷ്യരുടെ സമാധാനവും സ്വസ്ഥതയും ആരോഗ്യവും കളയാനും ഇത് മതിയാകും. ഇത് പോലെയാണ് നമ്മുടെ മനസ്സിലേക്കും നമ്മൾ തള്ളുന്ന മാലിന്യങ്ങൾ.
മനസ്സ് കാന്തം പോലെയാണ് ചില സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്നത്. മനസ്സ് കാണുകയും കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും മനസ്സിൽ കയറി ഇറങ്ങും. പലരുടെയും ഉള്ളിൽ മാലിന്യ ചിന്തകൾ കെട്ടിക്കിടക്കാറുണ്ട്. തുറന്നു വിടാൻ ശ്രമിച്ചാലും, പുറത്ത് കളയാൻ സാധിക്കാതെ മനസ്സിൽ കിടന്ന് അത് വിങ്ങും. നെഗറ്റീവ് ചിന്തകളെ ആകർഷിച്ചെടുക്കാൻ മനസ്സിന് ഒരു പ്രത്യേക കഴിവുണ്ട്.
മനുഷ്യരെ സൽസ്വഭാവികളും ദുഃസ്വഭാവികളും ആക്കി മാറ്റുന്നത് ശുഭചിന്തകളും അശുഭ ചിന്തകളും ആണല്ലോ. നമുക്ക് ചുറ്റുമുള്ള പല കാഴ്ചകളും അനുഭവങ്ങളും ഒക്കെ മനസ്സിൽ പതിയാറില്ലേ.
അതിൽ നല്ലതും ചീത്തയും ഒക്കെയുണ്ട്. നല്ലതിനെ സ്വീകരിക്കാനും ചീത്തയെ ത്യജിക്കാനും കഴിയണം. ചീത്ത കാര്യങ്ങളും, ചീത്ത കാഴ്ചകളും, അശുഭ ചിന്തകളും മനസ്സിൽ കൂടുകൂട്ടാതെ തുറന്നു വിടണം. വളരെ നാളത്തെ പരിശ്രമം ഇക്കാര്യത്തിൽ വേണ്ടി വരും. അങ്ങനെ മനസ്സിനെ മാലിന്യത്തിൽ നിന്നും സംരക്ഷിക്കാൻ സാധിക്കും.
അതുപോലെതന്നെയാണ്, നെഗറ്റീവ് ചിന്താഗതി ഉള്ളവരുമായിട്ടുള്ള കൂട്ടുകെട്ട്. ദോഷൈകദൃക്കുകളായ ഇത്തരം മനുഷ്യർ എല്ലാത്തിലും കുറ്റം കാണുന്നവരാണ്, പിന്തിരിപ്പന്മാരാണ്.
നിഷേധാത്മകമായ ഇവരുടെ സംസാരം നമ്മളെ പുറകോട്ട് പിടിച്ചു വലിക്കും. ഏതൊരു കാര്യത്തിന് നമ്മൾ ഇറങ്ങി തിരിച്ചാലും ഇത്തരക്കാരുടെ നെഗറ്റീവായ അഭിപ്രായങ്ങൾ നമ്മുടെ മുന്നോട്ടുള്ള പോക്കിന് തടസ്സം സൃഷ്ടിക്കും. അത് തിരിച്ചറിഞ്ഞ് ഇത്തരക്കാരുമായിട്ടുള്ള സഹവാസം കുറയ്ക്കുന്നതാണ് നല്ലത്.
നമ്മുടെ വിലയേറിയ സമയം ഇവരുടെ കൂടെ ചെലവഴിച്ചാൽ നമ്മുടെ ഉള്ള മനസ്സമാധാനം കൂടി നഷ്ടപ്പെടും. കഴിയുന്നതും ഇത്തരക്കാരെ ഒഴിവാക്കുക, അല്ലെങ്കിൽ ഇവരുടെ കൂടെ അധിക സമയം ചിലവഴിക്കാതിരിക്കുക.
സുഭാഷ് ടിആർ