"ഈ ലോകത്ത് ദരിദ്രർ ഒരു പ്രശ്‌നം അല്ല. അത്യാഗ്രഹമാണ് പ്രശ്നം" ഇന്നത്തെ ചിന്താവിഷയം 

 
people

ഈ ലോകത്ത് ധനവാന്മാരും ദരിദ്രരും ഉണ്ടല്ലോ. സമ്പത്തുള്ളവരെക്കാൾ ഏറ്റവും കൂടുതൽ  ദരിദ്രരാണ് എന്നതിനും സംശയം ഇല്ലല്ലോ. ആധുനിക കാലത്ത് മാത്രമല്ല, പൗരാണിക കാലം മുതൽ ഇത്തരം സാമ്പത്തിക അന്തരം ഉണ്ടായിരുന്നു എന്ന് വായിച്ചും  കേട്ടും ഒക്കെ നമ്മൾ അറിഞ്ഞിട്ടുണ്ട്. ഭൂമിയിൽ ദരിദ്രരാണ്  വലിയ പ്രശ്നം എന്നാണ് ചിലരൊക്കെ വിചാരിച്ച് വെച്ചിരിക്കുന്നത്.

സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വരാതെ, വരാൻ കഴിയാതെ ജീവിക്കുന്ന ഇത്തരം ജനങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക്  ഉയർത്താനായി പല സംഘടനകളും രാഷ്ട്രീയക്കാരും ഒക്കെ ശ്രമിക്കാറുണ്ട്, ശ്രമിച്ചിട്ടുണ്ട്. ഇന്നും അത്തരം ശ്രമങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്നു. ആ ദൗത്യം  പരാജയപ്പെടുന്നത്, പ്രസ്തുത  പ്രവർത്തനങ്ങളിലെ ആത്മാർത്ഥത കുറവും, അത് മുന്നോട്ട് തുടർന്ന് കൊണ്ടുപോകാനുള്ള ഇച്ഛാശക്തി ഇല്ലായ്മയും കൊണ്ടാണ്. ലോകം ഇത്രയും പുരോഗതി പ്രാപിച്ചപ്പോഴും  കോടിക്കണക്കിന് വരുന്ന ജനങ്ങൾ  ഇന്നും ദരിദ്രർ ആയി തുടരുകയാണ്.

സമ്പത്ത് ചില ആളുകളുടെ കയ്യിലേക്ക് കുമിഞ്ഞു കൂടുന്നതാണ്  ആളുകളുടെ ദാരിദ്ര്യ അവസ്ഥയ്ക്ക് കാരണം. എത്ര കിട്ടിയാലും പോരാ പോരാ എന്ന ആർത്തി കൊണ്ട് മറ്റുള്ളവരെ ഇല്ലാതാക്കാനും, ഉള്ളവരുടെ കയ്യിൽ നിന്നും  വെട്ടിപ്പിടിക്കാനും മനുഷ്യർ, അതായത് കയ്യൂക്കുള്ളവർ സ്വാധീനമുള്ളവർ വെപ്രാളപ്പെടുകയാണ്. എല്ലാവരുടെയും ജീവിത സാഹചര്യം ഒരുപോലെ മെച്ചപ്പെടുത്താനും  ഭക്ഷണവും സമ്പത്തും വിജ്ഞാനവും എല്ലാം ഒരേപോലെ വിതരണം ചെയ്യാനും കഴിയണം.

നമ്മുടെ രാജ്യം ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ അവരവരുടെ രാജ്യത്തിൻ്റെ നിലനിൽപ്പിനായി  പോരാടേണ്ടി വരികയാണ്. സുസ്ഥിരമായ  ഭരണസംവിധാനം ഉള്ള  രാജ്യം അതിശക്തമാണ്. രാജ്യത്തിൻ്റെ കെട്ടുറപ്പിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്ന ഛിദ്രശക്തികളോട് പോരാടേണ്ടി വരുന്നതാണ് യഥാർത്ഥത്തിൽ ഒരോ  രാജ്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഭൂമിയിലെ വിഭവങ്ങളും സമ്പത്തും മനുഷ്യശേഷിയും ഇവയെ അതിജീവിക്കാൻ നമ്മൾ ചിലവഴിക്കുമ്പോൾ രാജ്യത്തിൻ്റെ പുരോഗതിയും വികസനവുമാണല്ലോ മന്ദഗതിയിലാവുന്നത്. ശത്രുക്കൾ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. ഇവിടെയും ആർത്തിയാണ്,  അധികാരത്തോടുള്ള ആർത്തി, ധനത്തോടുള്ള ആർത്തി. എല്ലാം തങ്ങൾക്ക് മാത്രം മതി എന്ന സ്വാർത്ഥത. അത്യാഗ്രഹം മൂത്ത് രാജ്യം ഇല്ലാതായാൽ എന്താണ്  പിന്നെ ശേഷിക്കുക.! ദരിദ്രർ അല്ല നമ്മുടെ യഥാർത്ഥ പ്രശ്നം എന്ന് തിരിച്ചറിഞ്ഞാൽ സകല പ്രശ്നവും ഇല്ലാതാവും

Tags

Share this story

From Around the Web