"ഒരു ദിവസം നിങ്ങളുടെ വേദന നിങ്ങളുടെ ശക്തിയുടെ ഉറവിടമായി മാറും. അതിനെ നേരിടുക. ധൈര്യമായി അതിനെ നേരിടുക. നിങ്ങൾ അത് നേടും"ഇന്നത്തെ ചിന്താവിഷയം

"നോ പെയിൻ നോ ഗെയിൻ" എന്ന ഒരു ചൊല്ല് ഇന്ന് സർവ്വസാധാരണയായി കേൾക്കുന്നതാണല്ലോ. "വേദനയില്ലാതെ നേട്ടമില്ല" എന്ന് ഈ ചൊല്ല് മലയാള ഭാഷയിലും പറയാറുണ്ട്. ബി സി അഞ്ചാം നൂറ്റാണ്ടിൽ, ഗ്രീസിലെ നാടക കൃത്തായിരുന്ന സോഫോക്കിൾസ്, അദ്ദേഹത്തിൻ്റെ 'ഇലക്ട്ര' എന്ന നാടകത്തിൽ ഈ ആശയം കൊണ്ടുവന്നിരുന്നു.
ഈ ആശയം പിന്നീട് 1980 ൽ വ്യായാമവുമായി ബന്ധപ്പെട്ടാണ് ഇത്രയും വലിയ പ്രചാരം നേടുന്നത്. അതെന്തു തന്നെയായിരുന്നാലും, ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തവരെല്ലാം അതിലേക്ക് എത്താനായി വളരെയധികം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ത്യാഗങ്ങളും അനുഭവിച്ചിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങളുടെ ത്യാഗത്തിന്റെ ഫലമാണല്ലോ നമ്മുടെ രാജ്യവും നമ്മളും ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതുപോലെ തന്നെയാണ് ഓരോരുത്തരും അവരവരുടെ മേഖലകളിൽ നേടിയ വിജയത്തിൻ്റെ പിന്നിലെ വേദനകളും.
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടായപ്പോൾ തുടങ്ങിവച്ച പ്രവർത്തികൾ ഇട്ടെറിഞ്ഞ് പോയവരാരും തന്നെ ഒരിടത്തും എത്തിയിട്ടില്ല. എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിച്ച് മുന്നോട്ട് പോകുന്നവരെയാണ് വിജയം കാത്തിരിക്കുന്നത്. നേട്ടങ്ങൾക്കു വേണ്ടി നിങ്ങൾ സഹിക്കുന്ന വേദന ശക്തിയായി മാറുന്നത് അറിയും.
എത്ര വലിയ പ്രതിസന്ധികൾ ആണെങ്കിലും അതിനെ തരണം ചെയ്യാനുള്ള ധൈര്യവും, സ്ഥൈര്യവും, ഉറച്ച മനസ്സും ഏതോ അദൃശ്യ ശക്തിയിൽ നിന്ന് നിങ്ങളിലേക്ക് ഒഴുകിയെത്തുന്നത് അനുഭവിക്കും. നിങ്ങളിൽ ഒരിക്കലും ഇല്ല എന്ന് വിചാരിച്ച ധൈര്യം വന്നുചേരും. അപ്പോൾ ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ നിങ്ങൾക്ക് കഴിയും, നിങ്ങൾ ശരിക്കും അത് നേടും.!
സുഭാഷ് ടിആർ