"രാഷ്ട്രീയത്തിൽ ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നില്ല. അങ്ങനെ സംഭവിച്ചാൽ, അത് അങ്ങനെ ആസൂത്രണം ചെയ്തതായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം"ഇന്നത്തെ ചിന്താവിഷയം

ഇന്ന്, ലോകത്തെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരും അവരുടെ രാഷ്ട്രീയവുമാണ് എന്ന് പറയുന്നതിൽ വല്ല തർക്കവും ഉണ്ടോ.? ഇന്ത്യയിലെ പോലെ ജനാധിപത്യത്തിന് വേരോട്ടമുള്ള ഒരു രാജ്യത്ത് കാണുന്നത് പോലെ, മറ്റ് ഏതെങ്കിലും രാജ്യത്ത് ഇത്രയും രാഷ്ട്രീയപാർട്ടികൾ ഉണ്ടോ എന്ന് സംശയമുണ്ട്. ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും, വളരുകയും പിളരുകയും ഒന്നിക്കുകയും, വീണ്ടും പിളരുകയും ഒക്കെ ചെയ്യുന്ന കാലമാണിന്ന്.
രാഷ്ട്രീയം വലിയൊരു വ്യവസായമായി മാറിയിരിക്കുകയാണ്. രാജ്യത്തോടോ ജനങ്ങളോടോ യാതൊരുവിധ സ്നേഹമോ പ്രതിപത്തിയോ ആത്മാർത്ഥതയോ ഈ പാർട്ടികളിൽ നിന്നും പ്രതീക്ഷിക്കാനും പറ്റത്തില്ല. രാഷ്ട്രീയത്തിൽ ഇന്ന് എന്ത് സംഭവിക്കും നാളെ എന്ത് സംഭവിക്കും എന്നൊന്നും മുൻകൂട്ടി പ്രവചിക്കാൻ പറ്റത്തില്ല.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ താൽപര്യങ്ങളാൽ ഇന്നത്തെ ശത്രു അല്പം കഴിഞ്ഞാൽ മിത്രം ആകും. അതുപോലെ ഇന്നത്തെ മിത്രം നാളത്തെ ശത്രുവും ആകും. ജനസേവനം എന്ന് പറയുന്നത് ഇന്ന് പണത്തിന് വേണ്ടിയുള്ള സേവനം മാത്രമാണ്. അല്ലെങ്കിൽ പണം ആഗ്രഹിച്ചുകൊണ്ടുള്ള സേവനം ആണ്.
പല രാജ്യങ്ങളും, വ്യക്തിതാല്പര്യങ്ങളാലും സ്ഥാപിതതാത്പര്യങ്ങളാലും ജനങ്ങളെ ഉപദ്രവിക്കുന്ന സ്ഥിതി വിശേഷം ഉണ്ട്. രാജ്യങ്ങൾ തമ്മിൽ ഉണ്ടാകുന്ന യുദ്ധവും ഇത്തരത്തിലുള്ള താല്പര്യങ്ങളുടെ പുറത്താണ്. രാജ്യങ്ങളെ തമ്മിൽ യുദ്ധം ചെയ്യിപ്പിക്കുന്നതും മറ്റൊരു രാഷ്ട്രീയക്കളിയാണ്. രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് അധികാരത്തിനു വേണ്ടിയാണ്.
വർണ്ണ വർഗ്ഗ വിവേചനങ്ങൾ ഇല്ലാത്ത ഒരു ജനതയും രാജ്യവും അതിവേഗം പുരോഗതി പ്രാപിക്കും എന്നറിയാവുന്ന ജനദ്രോഹികളായ രാഷ്ട്രീയ സൃഗാലകർ തന്ത്രപൂർവ്വം, വർണ്ണ വർഗ്ഗ വിവേചനങ്ങൾ തുറുപ്പുചീട്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് അതിൽ നിന്നും നേട്ടം കൊയ്യുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഭീകരൻമാരെയും ഭീകരപ്രവർത്തകരെയും ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ ലോക രാഷ്ട്രങ്ങൾക്കിടയിൽ പണം ഒഴുക്കുകയാണ്. അതിൻ്റെ പ്രതിഫലനമാണ് രാജ്യത്ത് നടക്കുന്ന കലാപങ്ങളും മൂല്യച്യുതിയും. രാഷ്ട്രീയത്തിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നത് ഒരിക്കലും ആകസ്മികമല്ല. അവിടെ എന്തു സംഭവിച്ചാലും അതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിലൂടെയാണെന്ന് സാധാരണ ജനങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളൂ.
സുഭാഷ് ടിആർ