"ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോയാലും നിങ്ങൾ ഏത് പാതയിലായാലും ഹൃദയത്തിൽ പ്രത്യാശയുടെ ജ്വലിക്കുന്ന വെളിച്ചം വഹിക്കുക നിങ്ങൾക്ക് ലഭിച്ച നന്മകൾക്ക് എപ്പോഴും നന്ദിയുള്ളവരായിരിക്കുക"ഇന്നത്തെ ചിന്താവിഷയം

ജീവിതം, മനുഷ്യരെ എവിടേക്ക് കൊണ്ടുപോകുമെന്നോ, എവിടെ എത്തിക്കുമെന്നോ ഒന്നും പ്രവചിക്കാൻ സാധിക്കുന്നതല്ല. ലോകത്തെ പല രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റത്തെ നോക്കിയാൽ ഇക്കാര്യം വ്യക്തമാവും.
ഒരാൾ ജനിച്ച സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടുമെന്ന് അയാൾ പോലും വിശ്വസിച്ചിട്ടുണ്ടാവില്ല. നമ്മുടെ രാജ്യത്തിലേക്ക് തന്നെ നോക്കൂ. പല സംസ്ഥാനങ്ങളിലും ജനിച്ച് വളർന്ന മനുഷ്യർ ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് ജീവിതം കരുപ്പിടിപ്പിക്കാൻ എത്തുന്നതെന്ന് കാണാമല്ലോ. മനുഷ്യർ അങ്ങനെയാണ്.
നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിതം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാറില്ല, വഴങ്ങാറില്ല. അത് എങ്ങോട്ടൊക്കെയോ നമ്മളെ കൊണ്ടുപോകുകയാണ്.
നമുക്കിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ആ ഒഴുക്കിനൊപ്പം നമുക്ക് ഒഴുകിയെ പറ്റൂ. ഈ യാത്രയിൽ പ്രത്യാശയുടെ കിരണങ്ങൾ കെടാതെ എന്നും മനസ്സിൽ സൂക്ഷിക്കുക എന്നുള്ളതാണ് ഏറ്റവും സാഹസികമായ കാര്യം. പലപ്പോഴും ഉള്ളിലെ ആത്മസംഘർഷങ്ങൾ പ്രത്യാശയ്ക്ക് മങ്ങലേൽപിച്ചേക്കാം.
നിരാശയുടെ പടുകുഴിയിലേക്ക് നിങ്ങളെ തള്ളിയിടാൻ ശ്രമിച്ചേക്കാം. അപ്പോഴും നന്ദിയോടെ സ്മരിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾക്ക് ലഭിച്ച എല്ലാ നന്മകളും, എല്ലാ നല്ല അനുഗ്രഹങ്ങളും ഓർമ്മിക്കുക.
ഈ നല്ല ഓർമ്മകൾ മനസ്സിലേക്ക് വീണ്ടും പ്രത്യാശയുടെ കിരണങ്ങളെ പായിപ്പിക്കാൻ ഉതകുന്നതാണ്. അപ്പോൾ ജീവിതം എങ്ങനെ, എങ്ങോട്ട് പോയാലും ഭയപ്പെടേണ്ട ആവശ്യമില്ല എന്ന് തോന്നും. നമ്മളെ സഹായിക്കുന്ന ആരുടെയോ അദൃശ്യ സാന്നിദ്ധ്യം നമ്മൾക്ക് അനുഭവപ്പെടുകയും ചെയ്യും.
" എൻ മനമേ കർത്താവിനെ വാഴ്ത്തുക; അവൻ്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്" (സങ്കീർത്തനങ്ങൾ;103: 2)
സുഭാഷ് ടിആർ