"ജീവിതത്തിൽ ഏത് തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും, ക്ഷമയുടെയും  ശുഭാപ്തി വിശ്വാസത്തിന്റെയും ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്" ഇന്നത്തെ ചിന്താവിഷയം 
 

 
alone

മനുഷ്യ ജീവിതം അനുഭവങ്ങളുടെ പരീക്ഷണശാലയാണ് എന്ന് പറയുന്നതിൽ സംശയമില്ലല്ലോ. നല്ലതും ചീത്തയുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യർക്ക് പങ്കുവെക്കാൻ  എന്തെല്ലാം പാഠങ്ങളാണ് ഉള്ളത്.

ജീവിതം നമ്മളെ പഠിപ്പിച്ച പാഠങ്ങൾ നമ്മുടെ നാളെകളുടെ വിജയത്തിന് ഉപോത്ബലകമാകുന്നതിനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം,   മറ്റുള്ളവർക്ക് വരുംവരായ്കകൾ ഉപദേശിച്ചു കൊടുക്കുവാനും സാധിക്കും.

 പ്രഗൽഭരെയും,  ബുദ്ധിശാലികളെയും, പ്രതിഭാസമ്പന്നരെയും പോലും ജീവിതം പരീക്ഷിക്കാറുണ്ട് എന്ന് അറിയാമല്ലോ.  തിക്തമായ അനുഭവങ്ങൾ നിങ്ങളെ കരയിച്ചേക്കാം. നൈമിഷികമായ  സന്തോഷങ്ങൾ നിങ്ങളെ പൊട്ടിച്ചിരിപ്പിച്ചേക്കാം. ജീവിതത്തിൽ സന്തോഷങ്ങളെക്കാൾ മനുഷ്യർ കൂടുതലും അനുഭവിക്കുന്നത് വിഷമങ്ങളും വെല്ലുവിളികളും പ്രതിസന്ധികളും ഒക്കെയാണ് എന്നതിലും തർക്കമില്ലല്ലോ.

ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ, ജീവിതം തലകീഴായി മറിയുമെന്ന് തോന്നുമ്പോൾ, അത് നമ്മളെ പലപ്പോഴും കീഴടക്കാൻ ശ്രമിക്കാറുണ്ട്. ദുർബലരും നിസ്സഹായരുമായ  മനുഷ്യർ തോൽവി ഏറ്റുവാങ്ങും. പിന്നീട് ജീവിതമില്ല എന്ന  തോന്നലിൽ നിന്നും മുക്തി നേടാൻ കഴിയാതെ അന്തർമുഖരായി ഇക്കൂട്ടർ മാറാറുണ്ട്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം തൽക്കാലികമാണെന്ന് ഉറച്ചു വിശ്വസിയ്ക്കുന്നവർ ഉയരങ്ങൾ കീഴടക്കും. പ്രതീക്ഷകളും ശുഭാപ്തി വിശ്വാസവും മനസ്സിൽ രൂപപ്പെടാൻ ദൈവവിശ്വാസം നല്ലതാണ്.  സാഹചര്യം എത്ര ദുഷ്ക്കരവുമായിക്കൊള്ളട്ടെ, അതിൽ നിന്ന് കരകയറാൻ ദൈവവിശ്വാസമാകുന്ന പിടിവള്ളി സഹായമാകും.

"ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ" എന്ന ലൂക്കായുടെ വചനം ഒന്നാം അദ്ധ്യായം മുപ്പത്തിയേഴാം  തിരുവചനം നമ്മളെ ഇത് ഓർമിപ്പിക്കുന്നുമുണ്ട്. അത് മനസ്സിൽ ഉറപ്പിച്ചാൽ ക്ഷമയും ശുഭാപ്തി വിശ്വാസവും നൽകുന്ന അതിശയകരമായ ശക്തിയിൽ ഒരു പ്രശ്നവും പരിഹാരമില്ലാത്തതാകുന്നില്ല. 

"എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ  കഴുകന്മാരെ പോലെ ചിറകടിച്ചു കയറും.  അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല" (ഏശയ്യ;40:31)

Tags

Share this story

From Around the Web