"ജീവിതത്തിൽ എന്ത്തന്നെ സംഭവിച്ചാലും സമാധാനമായിരിക്കൂ. പുഞ്ചിരിയോടെ അതിനെ നേരിടാൻ ശ്രമിക്കൂ. ജീവിതം പരിഹരിക്കേണ്ട ഒരു പ്രശ്നമല്ല, അനുഭവിക്കാനുള്ള ഒരു സമ്മാനമാണ്" ഇന്നത്തെ ചിന്താവിഷയം

ജീവിതത്തെക്കുറിച്ചുള്ള മറ്റൊരു കാഴ്ചപ്പാട് നോക്കൂ. ഭാഗ്യവും നിർഭാഗ്യവും, നിഴലും നിലാവും പോലെ മനുഷ്യ ജീവിതത്തിൽ ഒളിച്ചു കളിക്കാറുണ്ടല്ലോ. മനുഷ്യരിൽ എപ്പോഴും ഉണ്ടാവേണ്ട ഗുണങ്ങൾ, ദൈവഭക്തിയും, ശുഭചിന്തകളും, ആത്മവിശ്വാസവുമാണ്. ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളെയും ഒരു പുഞ്ചിരി കൊണ്ട് നേരിടുന്നവരുണ്ട്.
ആ ചിരിയിൽ എത്ര വലിയ പ്രശ്നങ്ങളാണെങ്കിലും അതില്ലാതാവുന്നത് അവരുടെ ആത്മവിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്. ആത്മവിശ്വാസവും ശുഭചിന്തകളും അവരുടെ മനസ്സിൽ ഉണ്ടാവുന്നത് ഇളകാത്ത ദൈവഭക്തി ഉള്ളതിനാലാണ്. വളരെ നിസ്സാര പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ തളരുന്നവരുണ്ട്. നിർഭാഗ്യങ്ങൾ നിരന്തരം വേട്ടയാടുന്ന ജീവിതങ്ങളുമുണ്ട്.
പരിഹരിക്കാൻ കഴിയാത്ത യാതൊരു പ്രശ്നവും ഇല്ല എന്ന് ആദ്യം തന്നെ മനസ്സിൽ ഉറപ്പിക്കണം. ഓരോ ജീവിതവും നമ്മൾ പുറത്തുനിന്ന് കാണുന്നതല്ല എന്നും മനസ്സിലാക്കണം. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ സംഭവിക്കാറില്ലേ. നല്ലതും ചീത്തയുമായ അനുഭവങ്ങളിലൂടെ കടന്നു വേണം ജീവിതസാഗരത്തിന്റെ അക്കരെ എത്തുവാൻ. സമചിത്തതയോടെ ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാൻ പരിശ്രമിക്കുകയാണ് വേണ്ടത്.
തീച്ചൂളയിൽ എന്നപോലെ ജീവിതാനുഭവങ്ങൾ പൊള്ളിച്ചേക്കാം. പഞ്ചാഗ്നി മദ്ധ്യത്തിൽ അകപ്പെട്ട അവസ്ഥയിൽ ആയിരിക്കാം. എന്നാൽ ഉറച്ച ആത്മവിശ്വാസത്തോടെയും, അചഞ്ചലമായ ദൈവവിശ്വാസത്തോടെയും പ്രശ്നങ്ങളെ സമീപിച്ചാൽ അതിനെ അതിജീവിക്കാൻ സാധിക്കും. ജീവിതം പരിഹരിക്കേണ്ട ഒരു പ്രശ്നമാണെന്ന് തോന്നുന്നുണ്ടോ.?
നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ, വിശേഷപ്പെട്ടതും വിലമതിക്കാനാവാത്തതുമായ ഒരു സമ്മാനമായി ജീവിതത്തെ കണ്ടാൽ ഒരു പ്രശ്നവും പ്രശ്നമല്ല എന്ന് ഓർക്കുക.
"സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോട് കൂടെ ഉണ്ടായിരിക്കും. നദികളിലൂടെ കടക്കുമ്പോൾ അത് നിന്നെ മുക്കി കളയുകയില്ല. അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല" (ഏശയ്യ; 43:2)
സുഭാഷ് ടിആർ