"നമ്മുടെ പ്രായം എത്രയായാലും ശരി, പുതിയ സ്വപ്നങ്ങൾ കണ്ടോളൂ" ഇന്നത്തെ ചിന്താവിഷയം

സ്വപ്നങ്ങൾ കാണാത്തവരായി മനുഷ്യരുടെ ഇടയിൽ ആരെങ്കിലുമുണ്ടോ.? ഉറക്കത്തിൽ സ്വപ്നങ്ങൾ കാണുന്നതിനെക്കുറിച്ച് അല്ല ഇവിടെ പറയുന്നത്.
തന്റെ ജീവിതം എങ്ങനെയായിരിക്കണം, ജീവിതത്തിൽ എന്തെല്ലാം നേടണം, എങ്ങനെ ജീവിക്കണം എന്നൊക്കെ എല്ലാവർക്കും ആഗ്രഹമുണ്ടല്ലോ.
ജീവിതത്തെക്കുറിച്ച്, നാളെകളെ കുറിച്ച് നല്ല നല്ല സ്വപ്നങ്ങൾ കാണാത്തവരായി ആരും തന്നെ ഇല്ല.
ഭാവി ജീവിതത്തെക്കുറിച്ച് സ്വപ്നം കാണൂ. ജീവിതം യാഥാർത്ഥ്യമാക്കാൻ സ്വപ്നം വഴികാട്ടിയാകും. സ്വപ്നങ്ങൾ സ്വർഗ്ഗകുമാരികൾ ആണ്, അവർ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ലോകം നിശ്ചലവും ശൂന്യവും ആകും, ദൈവങ്ങളും മനുഷ്യരും ജീവചൈതന്യവും സുഗന്ധ പുഷ്പങ്ങളും ഉണ്ടാവത്തില്ല, അപ്സരകന്യകകളുടെ മക്കളായ, സ്വർഗ്ഗത്തിൽ നിന്നും വിരുന്നു വരുന്ന ചിത്രശലഭങ്ങൾ ആണ് എന്നൊക്കെ സ്വപ്നത്തെ വിശേഷിപ്പിച്ചത് മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മ ആയിരുന്നു.
ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ യുവാക്കളെ പഠിപ്പിച്ചത് നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ. എ പി ജെ അബ്ദുൽ കലാം ആണ്. സ്വപ്നം കാണുന്നതിന് പ്രായം ഒരു തടസ്സമേയല്ല. ഏത് പ്രായത്തിലും സ്വപ്നം കാണാം. ചെറുപ്രായം മുതൽ സ്വപ്നം കണ്ടു തുടങ്ങിയ്ക്കോ. വാർദ്ധക്യത്തിലും നല്ല നല്ല സ്വപ്നങ്ങളെ നട്ടു നനച്ചു വളർത്താം.
ജീവിത സായാഹ്നത്തിലെ പോക്കുവെയിലേറ്റ് ഓർമ്മകളിൽ നീന്തി തുടിക്കാൻ പ്രായത്തെ വകവെയ്ക്കാതെ ഇനിയും പുതിയ പുതിയ സ്വപ്നങ്ങൾ കാണൂ.
സുഭാഷ് ടിആർ