"നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ദൂരവും വിദൂരമല്ല"ഇന്നത്തെ ചിന്താവിഷയം

ജനനം മുതൽ മരണം വരെ ഒരു മനുഷ്യൻ നടന്നു തീർക്കേണ്ട വഴികൾ ഏതാണെന്നും എങ്ങനെയുള്ളതാണ് എന്നും ആർക്കും പ്രവചിക്കാൻ പറ്റത്തില്ല. ലക്ഷ്യസ്ഥാനത്തേക്ക് ചില ആളുകൾ തെരഞ്ഞെടുക്കുന്ന വഴികൾ വളരെ എളുപ്പമാകും.
എന്നാൽ മറ്റു ചിലർ തിരഞ്ഞെടുക്കുന്ന വഴികൾ അതിദുർഘടവും ആയിരിക്കും. ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ നാം ഒട്ട്മിക്കപ്പോഴും പകച്ചു പോകാറുണ്ട്.
അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന നന്മകളെ പോലെ പ്രതിസന്ധികളും എത്തിനോക്കാറുണ്ട്. നൈമിഷിക ആയുസ്സുള്ള ഒരു മനുഷ്യ ജീവിതത്തിൽ ഒരുവൻ സഞ്ചരിക്കേണ്ട ദൂരങ്ങൾ എത്രയാണ് എന്ന് നിർവചിക്കാൻ സാദ്ധ്യമല്ലല്ലോ.
ഒരു മനുഷ്യൻെറ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വിഷമങ്ങളും പ്രതിസന്ധികളും അവൻ്റെ ജീവിതാവസാനത്തോടുകൂടി തീരും എന്ന് കണക്കുകൂട്ടുന്നവർ ആശ്വസിക്കേണ്ട.
പലപ്പോഴും മനുഷ്യർ പ്രതിസന്ധികളിൽ തളർന്നു വീഴാറുണ്ട്. എന്നാൽ നല്ല ചങ്ങാതികളുടെ സാന്നിദ്ധ്യവും സഹായവും അവരെ താങ്ങി നിർത്തുകയും മുന്നോട്ടുപോകുവാൻ പ്രചോദനം ഉണ്ടാക്കി കൊടുക്കുകയും ചെയ്യും.
നല്ല ചങ്ങാതിമാരോടൊപ്പമുള്ള ജീവിതയാത്രയിൽ പ്രതിസന്ധികൾ ഉണ്ടായി എങ്കിലും ആ ദൂരങ്ങൾ സഞ്ചരിച്ച് തീർക്കുന്നതിൽ നമ്മൾ ആനന്ദം കണ്ടെത്തിയിരുന്നു. നമ്മൾ സഞ്ചരിക്കുന്ന വഴി എത്ര ദൂരം ഉള്ളതാണെങ്കിലും നമ്മളെ മനസ്സിലാക്കുന്ന, നമ്മളെ കരുതുന്ന ഒരു അനുയായി ഉണ്ടെങ്കിൽ ഒരു ദൂരവും വിദൂരമല്ല എന്ന് തിരിച്ചറിയുക.
സുഭാഷ് ടിആർ