"ഒരു ആശയത്തിന്റെ ശക്തിയെ ഒരു സൈന്യത്തിനും ചെറുക്കാൻ കഴിയില്ല"ഇന്നത്തെ ചിന്താവിഷയം
ചില വാക്കുകൾ, മുദ്രാവാക്യങ്ങൾ, ആശയങ്ങൾ.. ഇവ ലോകത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. കിരാത ഭരണകൂടങ്ങളെ ചവറ്റുകുട്ടയിലേക്ക് തള്ളിയിട്ടുണ്ട്. വമ്പൻ മാറ്റങ്ങൾക്ക് ലോകം സാക്ഷിയായതും വലുതും ചെറിയതുമായ ആശയങ്ങളുടെ പുറത്താണ്. വാക്കുകളുടെ ശക്തിയെ പോലെ തന്നെയാണ് ആശയങ്ങളുടെയും ശക്തി.
വാക്കുകളെക്കാൾ അധിക ശക്തി ആശയങ്ങൾക്ക് ഉണ്ട് എന്ന് പലവട്ടം തെളിയിച്ചിട്ടില്ലേ.! ബ്രിട്ടീഷുകാർക്കെതിരെ ഉയർത്തിയ"ക്വിറ്റിന്ത്യ" എന്ന ആശയവും മുദ്രാവാക്യവും ഇന്ത്യൻ ജനതയെ സ്വാധീനിച്ചത് എത്രയധികം ആയിരുന്നു എന്ന് അറിയാമല്ലോ.
ഇത്തരം ആശയങ്ങളും മുദ്രാവാക്യങ്ങളും ജനനന്മയ്ക്കും രാജ്യ പുരോഗതിക്കും വേണ്ടിയായിരുന്നുവെങ്കിൽ, ഇന്ന് ഉയർന്നുവരുന്ന പല മുദ്രാവാക്യങ്ങളും ആശയങ്ങളും രാജ്യത്തിൻ്റെ നിലനിൽപ്പിനും ഐക്യത്തിനും അഖണ്ഡതയ്ക്കും തന്നെ ഭീഷണിയായി മാറുന്ന രീതിയിലേക്കാണ് എന്നുള്ളത് ഏറ്റവും വ്യസനം ഉണ്ടാക്കുന്നതാണ്.
വിദ്യാസമ്പന്നരും, പ്രബുദ്ധരും എന്ന് അവകാശപ്പെടുന്ന 'ആൾക്കൂട്ടം' ചിന്താശേഷിയില്ലാത്തവരായി മാറുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. ആളുകളെ ആകർഷിക്കാൻ ചില മുദ്രാവാക്യങ്ങൾക്ക് കഴിയുമെങ്കിലും, അതിൻ്റെ പുറകിലുള്ള ആളുകളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു.
"വണ്ടേ നീ തുലയുന്നൂ, വിളക്കും കെടുത്തുന്നു" എന്ന കവിവാക്യം അർത്ഥവത്താകുന്നത്, ഇത്തരം ആകർഷകമായ ആശയങ്ങൾക്ക് പുറകേ പോയി, സ്വന്തം ജീവിതവും അന്യരുടെ ജീവിതവും നശിപ്പിക്കുന്നവരെ കാണുമ്പോഴാണ്. സൈന്യങ്ങൾക്ക് പോലും ചില ആശയങ്ങളെ തോൽപ്പിക്കാൻ പറ്റത്തില്ല എന്നും ഓർക്കുക.
സുഭാഷ് ടിആർ