"നിങ്ങൾ സ്വയം ഒരിക്കലും കുറച്ചു കാണരുത്" ഇന്നത്തെ ചിന്താവിഷയം
ഈ ലോകത്ത് അസാധ്യമായി ഒന്നുമില്ല എന്ന് മനസ്സിലാക്കിയാൽ ജീവിതത്തിൽ ഓരോരുത്തരും മുന്നേറും. ജീവിത വിജയത്തിന് വേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണം.
അപാരമായ കഴിവുകൾ ഉള്ളവരാണ് എല്ലാവരും. എന്നാൽ ഈ കഴിവുകൾ സ്വയം പ്രയോജനപ്പെടുന്ന രീതിയിലും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിലും നടത്തിയെടുക്കാൻ പലർക്കും സാധിക്കുന്നില്ല.
അതിനു കാരണം നമ്മൾ തന്നെയാണ്. നമ്മളെ പുറകോട്ട് പിടിച്ചു വലിക്കുന്ന ആത്മവിശ്വാസം ഇല്ലായ്മയാണ് ഏറ്റവും വലിയ ശത്രു. മറ്റ് പ്രതിസന്ധികൾ ഉണ്ടാവുന്നത് സ്വാഭാവികമാണെങ്കിലും അവയെ തരണം ചെയ്യാൻ ഇച്ഛാശക്തി കൊണ്ടും കഠിനാധ്വാനം കൊണ്ടും സാധിക്കും. എന്നാൽ എന്നെക്കൊണ്ട് അത് ചെയ്യാൻ പറ്റത്തില്ല എന്ന് ഉള്ളിൽ തോന്നിയാൽ പിന്നെ എത്ര ശ്രമിച്ചാലും അവിടെ പരാജയമേ ഉണ്ടാവുകയുള്ളൂ.
മനുഷ്യർ എല്ലാവരും വ്യത്യസ്തമായി ചിന്തിക്കുന്നവരാണല്ലോ. നമ്മുടെ കഴിവുകളിൽ നമുക്ക് തന്നെ മതിപ്പുണ്ടാവുക എന്നതാണ് പരമപ്രധാനം. ആ തോന്നൽ ഉണ്ടായാൽ യാതൊരു ബാഹ്യശക്തികൾക്കും ആരെയും തോൽപ്പിക്കാൻ പറ്റത്തില്ല.
സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാതായാൽ പുതിയ കാര്യങ്ങൾ ഏറ്റെടുക്കാനോ വിജയിപ്പിക്കാനോ സാധിക്കുകയില്ല. ഉള്ളിലെ അകാരണമായ ഭയമാണ് നമ്മളെ മുന്നോട്ടു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. അങ്ങനെ ചിന്തിക്കുമ്പോൾ ഒരിടത്തും എത്തപ്പെടാൻ കഴിയാതെ ആൾക്കൂട്ടത്തിൽ ഒരാളായി മാറുന്ന കാഴ്ചയാണ് നമ്മൾ നിത്യേന കാണുന്നത്. പലരെയും കുറിച്ച് ഇന്ന് നമ്മൾ വായിക്കുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നു. അവരെല്ലാം തങ്ങളുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച് പ്രയത്നിച്ചവരാണ്.
സുഭാഷ് ടിആർ