"എൻ്റെ ന്യൂനതകൾ ചൂണ്ടിക്കാണിച്ചു തരുന്നവരാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ. എൻ്റെ പോരായ്മകൾ ശ്രദ്ധയിൽപ്പെടുത്തുന്നവരെ അള്ളാഹു അനുഗ്രഹിക്കട്ടെ"ഇന്നത്തെ ചിന്താവിഷയം

ഇസ്ലാമിക ഭരണ സംവിധാനമായ ഖിലാഫത്തിലെ രണ്ടാമത്തെ ഭരണാധികാരിയായ ഖലീഫ ഉമറിന്റെതാണ് ഈ വാക്കുകൾ. ധീരനും നീതിമാനും ധർമിഷ്ഠനുമായ ഭരണാധികാരിയായിരുന്നു ഖലീഫ ഉമർ. അത് മാത്രവുമല്ല, പ്രവാചകനായ മുഹമ്മദിൻ്റെ സന്തതസഹചാരിയുമായിരുന്നു അദ്ദേഹം. ഇത്തരം ഒരു പ്രസ്താവന ചെയ്യാൻ ഖലീഫ ഉമറിന് മാത്രമേ കഴിയുകയുള്ളൂ.
ധീരനായ ഈ ഭരണാധികാരിക്ക് ആരെയും പേടിക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാവുകയില്ല. എന്നിട്ടും ഇങ്ങനെയൊരു പ്രസ്താവന ചെയ്യണമെങ്കിൽ അദ്ദേഹം എത്രമാത്രം നീതിമാനും ധർമ്മിഷ്ഠനും ആയിരുന്നു എന്ന് വേണ്ടേ കരുതാൻ. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു ഭരണാധികാരിയെ കണ്ടുകിട്ടാൻ സാധിക്കുമോ.?
അധികാരം കയ്യിൽ കിട്ടിയാൽ, സകലരെയും സകലതിനെയും, രാജ്യത്തെയും ജനങ്ങളെയും, മറന്നു പ്രവർത്തിക്കുന്ന ഭരണാധികാരികളെയാണ് ഇന്ന് ലോകമൊട്ടാകെ നമ്മൾ കാണുന്നത്. തങ്ങളെ എന്തിനു വേണ്ടിയാണ് ജനങ്ങൾ തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച് മറന്നുപോയിട്ടാണോ, എന്നറിയില്ല,
ഇന്നത്തെ ഭരണാധികാരികൾ ജനഹിതത്തിന് വിരുദ്ധമായ പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല ഒരു ഭരണാധികാരി എങ്ങനെയായിരിക്കണം എന്ന് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കുകയായിരുന്നു ഖലീഫ ഉമർ. ഭരണത്തിൽ പാളിച്ചകളും വീഴ്ചകളും പോരായ്മകളും ഉണ്ടാവുന്നത് സ്വാഭാവികമാണ്.
എന്നാൽ ആ വീഴ്ചകൾ ഏതൊക്കെയാണെന്നും പോരായ്മകൾ എന്തൊക്കെയാണെന്നും ചൂണ്ടിക്കാണിച്ചാൽ അത് തിരുത്താം എന്ന് പറയുന്ന ആ മനസ്സിനെ ആദരിക്കാതിരിക്കാൻ നമുക്ക് പറ്റില്ലല്ലോ. അത് തിരുത്താനുള്ള ആർജ്ജവം ഭരണാധികാരികൾക്ക് ഉണ്ടാവണമെങ്കിൽ ജനങ്ങളോട് കരുണയും സ്നേഹവും അവരുടെ മനസ്സിൽ ഉണ്ടാവണം .
അന്നത്തെ കാലത്ത് ജനാധിപത്യ സംവിധാനം ഒന്നും ഇല്ലായിരുന്നു എന്നും ഓർക്കണം. രാജ്യഭരണം പിന്തുടർച്ചാവകാശമായിരുന്നു. ആരെയും പേടിക്കാതെ ഏത് തീരുമാനവും എടുക്കാൻ പ്രാപ്തിയുള്ളവരും ഭയമില്ലാത്തവരും ആരെയും കൂസാത്തവരും ആയിരുന്നു അന്നുള്ള ഭൂരിഭാഗം രാജ്യങ്ങളിലെയും രാജാക്കന്മാരും സുൽത്താന്മാരും എല്ലാം.
ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിൽ ജനങ്ങളെ വിറപ്പിച്ച് നിർത്തിയിരുന്ന പല ഭരണാധികാരികൾക്കും, ഖലീഫ ഉമറിന്റെ നീതി നിഷ്ഠയും, പ്രജകളോടുള്ള ദയവായ്പും ആശ്ചര്യം ഉളവാക്കുന്നതായിരുന്നു. അതേസമയം ദുർമാർഗികളെയും നിഷ്ഠൂരന്മാരെയും അതികഠിനമായി ശിക്ഷിക്കാനും ഖലീഫ ഉമർ മടിച്ചിരുന്നില്ല.
ഇന്ന് നമ്മുടെയൊക്കെ കൺമുന്നിലുള്ള, നമ്മുടെ സമകാലീനരായ ഭരണാധികാരികൾ ഖലീഫ ഉമറിന്റെ വാക്കുകൾ ജീവിതത്തിൽ പകർത്തിയാൽ രാജ്യവും ലോകവും നന്നാവും.
വളർന്നുവരുന്ന നേതാക്കളും, യുവജനങ്ങളും ഖലീഫ ഉമറിന്റെ വാക്കുകൾ മനസ്സിൽ സൂക്ഷിച്ചാൽ ഭരണരംഗത്ത് മാത്രമല്ല കുടുംബത്തിനും, സമൂഹത്തിനും രാജ്യത്തിനും തനിക്ക് തന്നെയും അത് വലിയ നന്മയും സമാധാനവും വളർച്ചയും ഉണ്ടാവുമെന്ന് ഓർക്കുക.
സുഭാഷ് ടിആർ