"മിക്ക ആളുകളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല. കാരണം സ്വാതന്ത്ര്യം ഉത്തരവാദിത്തത്തെ ഉൾക്കൊള്ളുന്നു, കൂടാതെ മിക്ക ആളുകളും ഉത്തരവാദിത്തത്തെ ഭയപ്പെടുന്നു"ഇന്നത്തെ ചിന്താവിഷയം
മനുഷ്യമനസ്സിനെ ആഴത്തിൽ പഠിക്കുകയും അവരുടെ ചിന്തകളെയും പ്രവർത്തികളെയും കൂലംകഷമായി വിശകലനം ചെയ്ത്, മനഃശാസ്ത്ര ശാഖയ്ക്ക് പുതിയ രൂപരേഖയും ദിശാ ബോധവും ചമച്ച മനശ്ശാസ്ത്ര ശാഖയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ചെക്കസ്ലോവ്യക്കാരനായ സിഗ്മണ്ട് ഫ്രോയിഡിന്റെ നിരീക്ഷണമാണ് ഇന്നത്തെ ചിന്താവിഷയത്തിന് ആധാരം.
ഇവിടെ അദ്ദേഹം നിരീക്ഷിക്കുന്നത്, ഓരോ വ്യക്തിയുടെയും അവരുമായി ബന്ധപ്പെട്ട പരിസ്ഥിതിയുടെയും സ്വാതന്ത്ര്യത്തെയാണ്. ഒട്ടുമിക്ക ആളുകളും അവരുടെ സുഖസൗകര്യങ്ങൾ വിട്ട് പുറത്തേക്ക് ഇറങ്ങാൻ, വിസമ്മതിക്കുന്നതായി നമുക്ക് തോന്നാറില്ലേ. അവർ നിർമ്മിച്ച വല്മീകത്തിൽ നിന്നും പുറത്തു പോകാനോ അതല്ല,
പുറത്തുനിന്ന് ആരെങ്കിലും അകത്തേക്ക് വരുത്തുവാനോ അവർക്ക് യാതൊരു താൽപര്യവും ഉണ്ടാവുകയില്ല. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുമോ എന്നുള്ള ഭയമാണ് അവരെ ഭരിക്കുന്നത്.
തൻ്റെ കുടുംബം, വ്യക്തിജീവിതം, ജോലി തുടങ്ങിയവയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ആ വൃത്തത്തിനുള്ളിൽ കഴിയാനാണ് അവർ ആഗ്രഹിക്കുന്നത്. പല ആളുകളും നിസ്സംഗരായി മാറുന്നത് മറ്റൊരു ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മനസ്സ് ഇല്ലാത്തതിനാൽ ആണ്. പ്രതികരിക്കാനുള്ള ധൈര്യം പോലും ഇവർക്ക് ഉണ്ടാവുകയില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും, ഇല്ലായ്മകൾ ആരെയും അറിയിക്കാതിരിക്കാനും ഇവർക്ക് അസാമാന്യ പാടവം ഉണ്ടാകും.
ലോകം വളരുന്നതും, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതും ഇവരെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. സ്വാതന്ത്ര്യത്തിന്റെ വിശാല ലോകത്തേക്ക്, മറ്റുള്ളവരെ പോലെ പാറിപ്പറക്കാൻ ഭയപ്പെടുന്നു. അവർക്ക് ചുറ്റുമുള്ളവർ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സ്വാതന്ത്ര്യത്തെ ആഹ്ലാദത്തോടെ വരവേൽക്കുന്നത് കണ്ടാലും തിരിഞ്ഞു നടക്കുന്നതാണ് ഇവരുടെയൊക്കെ രീതി. മനുഷ്യ മനസ്സ് നിഗൂഢതകളുടെ ഇനിയും കാണാത്ത എത്രയെത്ര ചുഴികളും മലരികളും ഒളിപ്പിച്ചുവെച്ചതാണ് എന്ന് തോന്നുന്നില്ലേ.!
സുഭാഷ് ടിആർ