"പണം ഒരിക്കലും മനുഷ്യനെ സന്തോഷിപ്പിച്ചിട്ടില്ല. ഒരാൾക്ക് കൂടുതൽ ലഭിക്കുന്തോറും അവൻ കൂടുതൽ ആഗ്രഹിക്കുന്നു" ഇന്നത്തെ ചിന്താ വിഷയം
ഒരു മനുഷ്യൻ്റെ ജീവിതത്തിൽ, അവൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്തിൽ ആയിരിക്കും അല്ലെങ്കിൽ എന്ത് കിട്ടിയാൽ ആയിരിക്കും എന്ന് ചിന്തിക്കാറുണ്ടോ. ആഗ്രഹിച്ച വിദ്യാഭ്യാസമോ, പ്രതീക്ഷിച്ച ജോലിയോ, നല്ല വീടോ, വിവാഹമോ ഒക്കെ ലഭിച്ചാൽ സന്തോഷമാകും എന്ന് അഭിപ്രായപ്പെടുന്നവർ ഉണ്ടാവും.
അത് മാത്രമല്ല, വേറെയും പല ആഗ്രഹങ്ങൾ, പ്രതീക്ഷകൾ ഒക്കെ സഫലമായാൽ സന്തോഷമുണ്ടാകും എന്ന് പലരും പറയുമായിരിക്കും. അത് ആളുകളുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും ഒക്കെ അനുസരിച്ചായിരിക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക.
ധനസ്ഥിതി വളരെ മോശമായ ഒരാൾക്ക് ധനം അപ്രതീക്ഷിതമായി കിട്ടിയാൽ അവൻ സന്തോഷിക്കാതിരിക്കുമോ.! പണം ധാരാളം ഉള്ളവന്റെ കൈയിലേക്ക് വീണ്ടും വീണ്ടും പണം വന്നാൽ അവന് തൃപ്തിയാകുമോ. ധനം എത്ര കിട്ടിയാലും മനുഷ്യന് തൃപ്തി വരത്തില്ല എന്നത് മനുഷ്യൻ പണം കൈകാര്യം ചെയ്യാൻ തുടങ്ങിയ കാലം മുതലേ ഉള്ളതാണ്.
പണത്തിനു വേണ്ടിയാണല്ലോ യുദ്ധങ്ങളും ആക്രമണങ്ങളും ഒക്കെ ഉണ്ടാകുന്നത് ഉണ്ടായിട്ടുള്ളത്. പണത്തിനു വേണ്ടി മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു. പണത്തിന് വേണ്ടി സഹോദരൻ സഹോദരനെ കൊല്ലുന്നു, കൂട്ടുകാരനെ കൊല്ലുന്നു.
ദിനംപ്രതി, പണത്തെ ചൊല്ലിയുള്ള കലഹങ്ങളും വഴക്കുകളും കൊള്ളയും കൊലപാതകവും മറ്റും നടക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. 'പണത്തിന് മീതെ പരുന്തും പറക്കുകയില്ല' എന്നും കേട്ടിട്ടുണ്ടാവുമല്ലോ.
"പത്ത് കിട്ടുകിൽ നൂറ് മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും" പൂന്താനം ജ്ഞാനപ്പാനയിൽ വിവരിച്ചിട്ടുള്ളത് പലരും കേട്ടിട്ടുണ്ടാവും. ധനം കൊടുത്ത് ആരെയും തൃപ്തി വരുത്താൻ ഒരാളെ കൊണ്ടും സാധിക്കുകയില്ല.
പണം കൂടുതൽ ലഭിക്കുന്ന മുറയ്ക്ക് അനുസരിച്ച് കൂടുതൽ കൂടുതൽ പണം കിട്ടിയെങ്കിൽ എന്ന് മനസ്സ് ആഗ്രഹിക്കും. പണക്കൊതിയൻ എന്ന് കേട്ടിട്ടില്ലേ. പണമില്ലാത്തവൻ പിണം എന്നും കേട്ടിട്ടുണ്ടാവുമല്ലോ. പണം കയ്യിലില്ലാത്തവനെ ആരും വിലമതിക്കുകയില്ല. മനുഷ്യന് ജീവിക്കാനുള്ള പണത്തിന്റെ ആവശ്യമേ ഉള്ളൂ.
അതിൽ കൂടുതൽ സമ്പാദിക്കുന്നതും കൂടുതൽ കൂടുതൽ ആഗ്രഹിക്കുന്നതും വെട്ടിപ്പിടിക്കാൻ നോക്കുന്നതും ഒക്കെ വ്യർത്ഥമല്ലേ. എത്ര കിട്ടിയാലും തൃപ്തി വരാത്ത ഒരേയൊരു വസ്തു ധനം മാത്രമാണ്. ധനത്തെ ലക്ഷ്യം വെച്ച് കളിക്കാൻ ഇറങ്ങിയവർക്കെല്ലാം എവിടെ നിന്നെങ്കിലും തിരിച്ചടി കിട്ടിയിട്ടുണ്ടെന്ന് ഓർക്കുക.
സുഭാഷ് ടിആർ