"നിങ്ങൾ പരിശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ് തെറ്റുകൾ" ഇന്നത്തെ ചിന്താവിഷയം
മനുഷ്യ ജീവിതം പോരാട്ടങ്ങളുടേതാണ്. ആദിമ മനുഷ്യരും ആ കാലഘട്ടത്തിൽ അവരുടെ നിലനിൽപ്പിനു വേണ്ടിയും, ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടിയുമുള്ള പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.
ഇപ്പോൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മളും പോരാട്ടത്തിന്റെ പാതയിലാണ്. സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ജീവിത വിജയമാണല്ലോ. ഉന്നത വിദ്യാഭ്യാസം നേടിയവരും, കച്ചവടക്കാരും, രാഷ്ട്രീയക്കാരും, വ്യവസായികളും തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള ആളുകൾ അവരുടേതായ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി അക്ഷീണം പ്രയത്നിക്കാറില്ലേ.
എന്നാൽ ഒരിക്കൽ പോലും പരാജയപ്പെടാത്തവരോ തെറ്റുകൾ വരുത്താത്തവരോ ആയി ലോകത്ത് ആരുമില്ല. തെറ്റുകൾ പറ്റുമ്പോൾ നമ്മൾ നിരാശരരാകാറുമുണ്ട്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണ് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നത്. പുതിയ പുതിയ കാര്യങ്ങൾ അറിയാനും പഠിക്കാനും മുന്നോട്ട് വരുന്നവർക്കാണല്ലൊ തെറ്റുകൾ പറ്റുന്നത്.
ഈ തെറ്റുകൾ, നമ്മളെ ലക്ഷ്യത്തിൽ എത്തിക്കും എന്നുള്ളതിന് സംശയമില്ല. ഇന്ന് ലോകത്ത് കാണുന്ന എല്ലാ വികസനങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും പുറകിൽ എത്രയോ ആളുകളുടെ, നിരന്തരമായ പരിശ്രമങ്ങളുടെയും, അതിലും എത്രയോ ഇരട്ടി തവണ സംഭവിച്ച പരാജയങ്ങളുടെയും മേലുള്ള വിജയമാണ് എന്നറിയാമല്ലോ.
ഓരോ പരാജയവും നമ്മളെ വിജയത്തിലെത്തിക്കാനുള്ള വഴികളാണ് നമ്മുടെ മുന്നിൽ ഒരുക്കി തരുന്നത്. അത് നമ്മുടെ പോരായ്മകളെ കാണിച്ചു തരികയും മുന്നോട്ടുപോകാനുള്ള പ്രേരണ ഉണ്ടാക്കി തരികയും ചെയ്യും. പരാജയം ഉണ്ടാകും എന്ന് ഭയപ്പെട്ട് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ ഭേദം വിജയം ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിച്ചു മുന്നോട്ടുപോകുക. വിജയം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
സുഭാഷ് ടിആർ