" ഒഴുകിപ്പോയ വെള്ളം കൊണ്ട് മില്ലുകൾ പ്രവർത്തിക്കുകയില്ല" ഇന്നത്തെ ചിന്താവിഷയം 

 

 
thoughts

ഈ പോർച്ചുഗീസ് പഴമൊഴി കേട്ടിട്ടുള്ളവർ ധാരാളം ഉണ്ടാവും. ഒഴുകിപ്പോയ വെള്ളം കൊണ്ട് മില്ലുകൾ പ്രവർത്തിക്കില്ല എന്ന്  കേൾക്കുമ്പോൾ പലർക്കും അത് മനസ്സിലായി കൊള്ളണമെന്നില്ല, പ്രത്യേകിച്ച് ഇന്നത്തെ തലമുറയ്ക്ക്. പണ്ടുകാലത്ത് ധാന്യങ്ങൾ പൊടിക്കാനും നെല്ല് കുത്താനും ജലചക്രത്തിൽ പ്രവർത്തിച്ചിരുന്ന മില്ലുകൾ ഉണ്ടായിരുന്നു.

നദിക്കരയിലോ, തോട്ടിൽകരയിലോ സ്ഥാപിച്ച ജലചക്രത്തിലേക്ക് കൈത്തോട് വഴി വെള്ളം ഒഴുക്കിയായിരുന്നു മിൽ പ്രവർത്തിച്ചിരുന്നത്. ചക്രത്തെ കറക്കി  ഒഴുകിപ്പോകുന്ന വെള്ളം പുനരുപയോഗിക്കാൻ സാധിക്കത്തില്ല എന്ന് അറിയാമല്ലോ. ഇത് മനുഷ്യൻ്റെ പുരോഗതിയും വളർച്ചയും ആയി ബന്ധപ്പെടുത്താവുന്നതാണ് എന്ന് സാരം.

ഒട്ടുമിക്ക മനുഷ്യരും അവരുടെ ജീവിതത്തിൽ സംഭവിച്ചതിനെ ഓർത്ത് ദുഃഖിക്കാറില്ലേ. "എന്നാ പറയാനാ.. അതങ്ങനെ ചെയ്താൽ മതിയായിരുന്നു.., എനിക്കത് കൃത്യമായി ചെയ്യാൻ പറ്റിയില്ലല്ലോ.., ഇനി എന്നാ ചെയ്യും" എന്നൊക്കെ പറഞ്ഞ് സ്വയം പരിതപിക്കും,  സങ്കടപ്പെടും. "പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ" എന്ന് പറഞ്ഞ് സ്വയം ആശ്വസിക്കും.

ഇന്നലെകളിൽ ഉണ്ടായ നഷ്ടങ്ങൾ ഓർത്ത് ഇന്ന് നിരാശപ്പെട്ടത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകത്തില്ലല്ലോ. ഇന്നലെകളെ തിരിച്ച് കൊണ്ടു വരാൻ ആർക്കും കഴിയത്തില്ല. കഴിഞ്ഞ് പോയതും, കൊഴിഞ്ഞ് പോയതും പോയിക്കഴിഞ്ഞു. ഇനി പുതിയതിനായി കാത്തിരിക്കുക. ഇന്നലകളിലെ പരാജയങ്ങളുടെ മൂലകാരണം മനസ്സിലാക്കി വീഴ്ചകൾ ഉണ്ടാകാതെ മുന്നോട്ട് പോവുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web