"അതിരുകൾ നിശ്ചയിക്കാൻ തക്കവിധം സ്വയം സ്നേഹിക്കുക. നിങ്ങളുടെ സമയവും ഊർജ്ജവും വിലപ്പെട്ടതാണ്. അത് എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം."ഇന്നത്തെ ചിന്താവിഷയം

"അതിരുകൾ നിശ്ചയിക്കാൻ തക്കവിധം സ്വയം സ്നേഹിക്കുക. നിങ്ങളുടെ സമയവും ഊർജ്ജവും വിലപ്പെട്ടതാണ്. അത് എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ എന്ത് സ്വീകരിക്കണം, എന്ത് സ്വീകരിക്കരുത് എന്ന് തീരുമാനിക്കുന്നതിലൂടെ, നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആളുകളെ പഠിപ്പിക്കുന്നു"
തന്നോട് തന്നെ ഇഷ്ടം തോന്നാത്തവരായി ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടോ.? അങ്ങനെയുള്ളവരെ സ്വാർത്ഥർ എന്ന് വിളിക്കാൻ പറ്റുമോ.? ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണെന്ന് പലർക്കും തോന്നുന്നുണ്ടാകാം. തന്നോട് തന്നെ ഇഷ്ടം തോന്നണം. ആ ഇഷ്ടം ഒരു വ്യക്തിയെ അഭിമാനമുള്ളവനാക്കുകയും മറ്റുള്ളവരെ സ്നേഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
ചിലരെ സംബന്ധിച്ചിടത്തോളം തന്നോട് തന്നെ മാത്രമേ ഇഷ്ടം ഉണ്ടാകാറുള്ളൂ. അങ്ങനെയുള്ളവർ തികച്ചും സ്വാർത്ഥരായി മാറുന്നത് നമുക്ക് കാണാം. ഈ ഘട്ടത്തിലാണ് ഒരാൾ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് മറ്റൊരാൾ പറയുന്നതെങ്കിലോ. എങ്കിൽ അനിഷ്ടങ്ങളുടെ ഒരു പെരുമഴ തന്നെ അവിടെ ഉണ്ടാവും.
നമ്മുടെ വ്യക്തിത്വമാണ് നമ്മുടെ അടയാളം. ഓരോരുത്തർക്കും അവരുടെ സമയത്തിന് വലിയ വിലയുണ്ട്. ആ സമയം ചെലവഴിക്കാൻ അവർ നഷ്ടപ്പെടുത്തുന്നത് അവരുടെ തന്നെ വലിയ രീതിയിലുള്ള ഊർജ്ജത്തെയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന രീതിയിലൂടെ ആയിരിക്കുമല്ലോ, സമയം ചെലവഴിക്കുന്നതും അത് ഏതുരീതിയിൽ പ്രയോജനപ്പെടുത്തണം എന്നുമൊക്കെ തീരുമാനിക്കുന്നത്.
ചുരുക്കി പറഞ്ഞാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ തിരഞ്ഞെടുക്കുന്നത് നമ്മൾ തന്നെയാണ്. ഇത്തരം തീരുമാനങ്ങളിലൂടെ മറ്റുള്ളവരുടെ മുന്നിൽ നമ്മുടെ നിലപാട് വ്യക്തമാക്കി കൊടുക്കുകയാണ്. അതായത്, മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നത്, നിങ്ങൾ ആർജ്ജിച്ചെടുത്ത വ്യക്തിത്വത്തെ മുൻനിർത്തി അവരെ ബോധ്യപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നത്.
സുഭാഷ് ടിആർ