"ഒരാൾക്ക് ചുറ്റും ആളുകളില്ലാത്തതുകൊണ്ടല്ല ഏകാന്തത ഉണ്ടാകുന്നത്, മറിച്ച് കാര്യങ്ങൾ ആശയവിനിമയം ചെയ്യാൻ കഴിയാത്തതിൽ നിന്നാണ്" ഇന്നത്തെ ചിന്താവിഷയം
ഏകാന്തത ചിലപ്പോൾ നല്ലതാണ്. നമ്മളെയൊക്കെ വിഷമിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, നിരാശരാക്കുന്ന സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാവുമ്പോൾ കുറച്ചുനേരം തനിയെ ഇരിക്കാൻ ആർക്കാണ് തോന്നാത്തത്.
എത്ര അടുത്ത ബന്ധമുള്ളവർ ആണെങ്കിൽ പോലും അവരുടെ സാന്നിധ്യം നമുക്ക് ആ സമയത്ത് അലോസരമാകാം. അത് അവരോടുള്ള അനിഷ്ടം കൊണ്ടൊന്നുമല്ല എന്ന് നമുക്കറിയാം.
നമ്മുടെ സുഹൃത്തുക്കളിൽ നിന്നും, ബന്ധുക്കളിൽ നിന്നും മനസ്സിനെ വിഷമിപ്പിക്കുന്ന വാക്കുകളും പ്രവർത്തികളും ഉണ്ടായാൽ അത് എത്രമാത്രം ദുഃഖം ഉണ്ടാക്കും. ചിലപ്പോൾ നമ്മൾ മനസ്സറിഞ്ഞ് ആരെയെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവർ നമ്മളോട് വിരോധമായി പ്രവർത്തിക്കുന്നത് കാണുമ്പോൾ, എത്രമാത്രം നമ്മളെ അത് വേദനിപ്പിക്കും.
നമ്മൾ തീവ്രമായി ആഗ്രഹിച്ച കാര്യം ലഭിക്കാതെ വരുമ്പോഴും നമ്മൾ നിരാശരാകാറില്ലേ. ആളുകളുടെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ, നമ്മളോട് കാണിക്കുന്ന സ്നേഹം ആത്മാർത്ഥമാണോ എന്നറിയാൻ നമ്മളെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് മൂന്നാമതൊരാൾ ചോദിച്ചാൽ കൃത്യമായി ഉത്തരം കിട്ടും. നെഗറ്റീവ് ആണ് ഉത്തരമെങ്കിൽ അത് നമ്മളെ കൂടുതൽ വേദനിപ്പിക്കാം.
ഇങ്ങനെ, ജീവിതത്തിൽ ഉണ്ടാകുന്ന പല വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർ അനുഭവിക്കുന്ന വ്യക്തിപരമായ ദുഃഖങ്ങളിൽ നിന്ന് മോചനം നേടാൻ പലരും ഏകാന്തതയിൽ അലിഞ്ഞു ചേരുകയാണ് പതിവ്. നമ്മുടെ ചുറ്റും വലിയ ഒരു ആൾക്കൂട്ടം ഉണ്ടെങ്കിലും അതിനു നടുവിൽ നമ്മൾ തനിച്ചായി പോകുന്ന ഏകാന്തത അനുഭവിക്കാത്തവരുണ്ടോ.
ആളുകളോട് ഒന്നും സംസാരിക്കാൻ കഴിയാതെ, നമ്മുടെ പ്രശ്നങ്ങൾ അവരോട് വിശദീകരിക്കാൻ കഴിയാതെ നമ്മൾ ഒറ്റപ്പെടുന്ന ഭീകരമായ ഒരു അവസ്ഥയുണ്ട്. ആരോട് പറയും അല്ലെങ്കിൽ ആരോട് പറയാം എന്നാലോചിക്കുമ്പോൾ തെളിഞ്ഞു വരുന്ന മുഖങ്ങൾ പലപ്പോഴും നമുക്ക് അപരിചിതമായി തോന്നും.
നമ്മൾ പങ്കുവയ്ക്കുന്ന കാര്യങ്ങൾ അവർ എങ്ങനെ സ്വീകരിക്കും എന്നും അവർ അതിനെ എങ്ങനെ മറ്റുള്ള മുൻപിൽ അവതരിപ്പിക്കും എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നമ്മളെ കൂടുതൽ കൂടുതൽ ഏകാന്തതയിലേക്ക് കൊണ്ടുപോകും. നമ്മുടെ ആശയങ്ങൾ, പ്രശ്നങ്ങൾ പങ്കുവെക്കാൻ കഴിയാത്തതാണ് ഏകാന്തതയുടെ മൂല കാരണം എന്ന് ഓർക്കുക.
സുഭാഷ് ടിആർ