"ജീവിക്കുക, സ്നേഹിക്കുക, ചിരിക്കുക, ഒരു പൈതൃകം അവശേഷിപ്പിക്കുക" ഇന്നത്തെ ചിന്താവിഷയം 

 

 
life

ഈ ഭൂമിയിൽ എല്ലാവർക്കും ഒരു ജീവിതം അല്ലേ ഉള്ളൂ. ആ ജീവിതം എങ്ങനെ ആയിരുന്നു   എന്നതിനെ ആശ്രയിച്ചാണ്  സന്തോഷം  സമാധാനവും സ്നേഹവും ബഹുമാനവും ഒക്കെ കിട്ടുന്നത്. ഒരാൾ എത്ര നാൾ ജീവിച്ചിരുന്നു എന്നതിലല്ല കാര്യം.  അയാൾ എങ്ങനെ ജീവിച്ചു, എന്ത് ചെയ്തു, സമൂഹത്തിന് എന്ത് ചെയ്തു, രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു എന്നതിനെ ആശ്രയിച്ചായിരിക്കും അയാൾക്ക് മാർക്ക് ഇടുക. യഥാർത്ഥത്തിൽ ഇന്ന് ആരെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ എന്ന് ചോദിയ്ക്കട്ടേ.

പാവപ്പെട്ടവർ മുതൽ പണക്കാർ വരെ ജീവിക്കുന്ന ഈ സമൂഹത്തിൽ ഓരോരുത്തർക്കും അവരുടെതായ പ്രശ്നങ്ങൾ  അലട്ടുന്നുണ്ടാവും. എന്തുതന്നെ പ്രശ്നം ഉണ്ടായാലും, ആ വെല്ലുവിളികളെ  സന്തോഷത്തോടെ നേരിടുന്ന ആളുകളെ നമ്മൾ കാണാറുണ്ട്.  ഇന്നലെകളെയും ഇന്നുകളെയും നാളെകളെയും ഓർത്ത് ഉൽക്കണ്ഠപ്പെടുന്ന ആളുകളാണ് അധികവും. കയ്യിൽ കിട്ടിയ ഈ നിമിഷം  ആസ്വദിച്ച് ജീവിക്കുക.

പ്രശ്നങ്ങൾ വരും പോകും, അതിനെ അതിൻ്റെ പാട്ടിന് വിട്ടേക്കുക. ചുറ്റുപാടുകളിലേക്ക്, സമൂഹത്തിലേക്ക്, പ്രകൃതിയിലേക്ക് ഒന്നിറങ്ങി, ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേർന്ന്, ആ കാഴ്ചകളൊക്കെ കണ്ട് നമ്മുടെ  പരിമിതികളെ താണ്ടി,   പൂർണ്ണമനസ്സോടെ ജീവിതത്തെ അങ്ങോട്ട്  കെട്ടിപ്പുണരൂ.

അതുപോലെ, ഒരു മനുഷ്യ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുമ്പോഴും മറ്റുള്ളവരാൽ സ്നേഹിക്കപ്പെടുമ്പോഴുമാണ് എന്ന് അറിയാമല്ലോ.  യാതൊരു നിബന്ധനകളുമില്ലാതെ സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും പ്രകൃതിയെയും സഹജീവികളെയും  നമ്മളെത്തന്നെയും  സ്നേഹിക്കാൻ ശ്രമിക്കുക.

മനോഹരമായ ജീവിതകാലത്ത് എല്ലാവരെയും സ്നേഹിക്കുകയും പ്രതിസന്ധികളിൽ പതറാതെ ചിരിക്കുകയും ചെയ്യുക. വലിയ സമ്പത്തും പദവിയും ഉണ്ടാവുന്നതല്ല പൈതൃകം എന്ന് അറിയാമല്ലോ. ഒരാളുടെ ജീവിതം കൊണ്ട്  സമൂഹത്തിനും രാജ്യത്തിനും ചെയ്ത നല്ല കാര്യങ്ങളെ ഓർത്ത് നാളെ ജനങ്ങൾ അയാളെ ആദരിക്കും. ആ പൈതൃകം ആർജ്ജിച്ചെടുത്തവർ മരിച്ച് മൺമറഞ്ഞാലും എന്നും ഓർമ്മിക്കപ്പെടും.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web