"ചന്ദ്രനെപ്പോലെ, വീണ്ടും പൂർണ്ണത അനുഭവിക്കാൻ നാമെല്ലാവരും ശൂന്യതയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകണം" ഇന്നത്തെ ചിന്താവിഷയം

വിശന്ന് ഇരിക്കുന്നവനേ ഭക്ഷണത്തിൻ്റെ വിലയും രുചിയും അറിയാവൂ എന്ന് കേട്ടിട്ടില്ലേ. വിശന്നിരിക്കുന്നവന്റെ മുമ്പിലേക്ക് ഏത് ഭക്ഷണം കിട്ടിയാലും രുചി നോക്കാതെ വാരിവലിച്ച് കഴിക്കുന്നത് കാണാമല്ലോ.
ഭക്ഷണത്തിൻ്റെ രുചിയും ഗന്ധവും കൂടുന്നത് കഴിക്കുന്ന ആളുടെ വിശപ്പിന് അനുസരിച്ചായിരിക്കും. ആകാശത്തിലെ ചന്ദ്രനെ നോക്കൂ. അമാവാസിയിൽ ചന്ദ്രനെ ആകാശത്ത് പരതി നോക്കിയാൽ പോലും കാണാൻ കഴിയത്തില്ല. പിറ്റേ ദിവസം മുതൽ ഒരു തേങ്ങാപ്പൂളിന്റെ ആകൃതിയിൽ പ്രത്യക്ഷപ്പെട്ട് പൂർണ്ണതയിലെത്തുന്നില്ലേ.
പൗർണമി മുതൽ വീണ്ടും ചന്ദ്രൻ്റെ പ്രഭാവം കുറഞ്ഞ് കുറഞ്ഞ് തീരെ ഇല്ലാതാവുന്നു. പ്രകൃതി, മനുഷ്യർക്ക് പ്രകൃതിയിൽ നിന്ന് കണ്ടുപഠിക്കാനും ആശ്വസിക്കാനും ഒക്കെയുള്ള ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും ഒരുക്കി വെച്ചിട്ടുണ്ട്. ജീവിതത്തിൽ നമ്മൾ കടന്നു പോകുന്ന വഴികളിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാവും.
അതിൽ നിരാശപ്പെടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാനും താഴ്ചകളിൽ നിന്നും ഉയരങ്ങളിലേക്ക് എത്താനും ചന്ദ്രനെ നോക്കി പഠിക്കാം. ഒന്നുമില്ലായ്മയിൽ നിന്നും പൂർണ്ണതയിലേക്ക്, വിജയത്തിൻ്റെ കൊടുമുടിയിലേക്ക് നടന്ന കയറുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മൾ പരിപൂർണ്ണത അനുഭവിക്കുന്നത്.
പൂർണ്ണത കൈവരിക്കുന്നതിന് മുമ്പ് നമ്മൾ അനുഭവിച്ച വിഷമങ്ങളും വേദനകളും ത്യാഗങ്ങളും വീഴ്ചകളും വിജയ സോപാനത്തിൽ നമ്മളെ എത്തിക്കുമ്പോഴാണ് നമ്മൾ ഒഴുക്കിയ കണ്ണുനീരിനും ത്യാഗത്തിനും എത്രമാത്രം വിലയുണ്ടായിരുന്നു എന്നറിയുന്നത്.
സുഭാഷ് ടിആർ