"ജീവിതം വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിറങ്ങൾ നിങ്ങൾക്ക് കാണിച്ചുതരും. ഓരോ നിറവും നിങ്ങൾക്ക് വ്യത്യസ്ത അനുഭവങ്ങൾ നൽകും, അവയിൽ നിന്നെല്ലാം പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക"ഇന്നത്തെ ചിന്താവിഷയം

ജീവിതം അതാണ്, നിറങ്ങളിൽ ചാലിച്ച് എഴുതിയ കവിത. ജീവിതത്തിന് നിറമോ.? ഇതെന്നാ വർത്തമാനമാ പറയുന്നത്.? എന്നൊരു ചോദ്യം ഇപ്പോൾ മനസ്സിൽ ഉയരുന്നില്ലേ. ചില സമയങ്ങളിൽ നിറഞ്ഞു കവിഞ്ഞും കുതിച്ചുപാഞ്ഞും, മറ്റു ചില അവസരങ്ങളിൽ മെലിഞ്ഞ്, ശോഷിച്ച് മെല്ലെ ഒഴുകുന്ന നദി പോലെയാണ് മിക്കവരുടെയും ജീവിതം. സമാധാനവും സന്തോഷവും ഉള്ള ഒരാളുടെ ജീവിതത്തിന് ഏഴഴകാണുള്ളത്. അയാളെ നിറങ്ങളിൽ നീരാടിക്കുകയാണ് ജീവിതം.
അയാൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും എല്ലാം നിറമുള്ളതായി തോന്നും. മനുഷ്യർക്ക് ജീവിതത്തിൽ പാളിച്ചകളും പാകപ്പഴികളും ഒക്കെ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ നിറങ്ങൾ അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്.
അത് അവരുടെ തോന്നലുകളും മാനസികാവസ്ഥയും ഒക്കെ ആയിരിക്കാം അങ്ങനെ അവരെ ചിന്തിപ്പിക്കുന്നതും, ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും. നമ്മുടെയൊക്കെ ജീവിതകാലത്ത് വ്യത്യസ്ത സമയങ്ങളിൽ, ഇതുപോലെ വ്യത്യസ്ത നിറങ്ങൾ, ജീവിതത്തിൻ്റെ തനിനിറങ്ങൾ നമ്മുടെ മുന്നിൽ തെളിഞ്ഞുവരും.
കാലദേശ ഭേദമില്ലാതെ ഇത്തരം അവസ്ഥകളിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്, അല്ലെങ്കിൽ എല്ലാവർക്കും കടന്നു പോകേണ്ടത്. ഈ അവസ്ഥാന്തരങ്ങളിൽ ഉണ്ടാവുന്ന നിറഭേദങ്ങളിൽ നിന്ന് നമുക്ക് ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട്. അത്തരം പാഠങ്ങൾ ഹോം വര്‍ക്കായി ചെയ്തു പഠിച്ചാൽ, വീണ്ടും നിറങ്ങളിൽ ചാലിച്ച് എഴുതിയ കവിതയായി ജീവിതം നിങ്ങളെ ആനന്ദിപ്പിക്കും എന്നതിന് സംശയമില്ല.
സുഭാഷ് ടിആർ