"കൃപയിലും പ്രകാശത്തിലും സമാധാനത്തിലും അധിഷ്ഠിതമായിരിക്കണം ജീവിതം" ഇന്നത്തെ ചിന്താവിഷയം
ലോകമാകെ മാറ്റങ്ങൾ അനുനിമിഷം സംഭവിച്ച് കൊണ്ടിരിക്കുകയാണല്ലോ. കണ്ണടച്ച് തുറക്കുന്നതിന് മുമ്പാണ് ഇന്ന് ലോകം മാറി മറിയുന്നത്. ഇത് മനുഷ്യരിലും സ്വാഭാവികമായ മാറ്റങ്ങൾക്ക് കാരണമാകുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം, മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അത് നേരിടാനുള്ള ശക്തി പലപ്പോഴും പല ആളുകൾക്കും ഉണ്ടാകാറില്ല. വെല്ലുവിളികളെ നേരിടാനുള്ള ശേഷിയും അവർക്ക് നഷ്ടപ്പെട്ടു പോകാറുണ്ട്.
എന്നിരുന്നാലും ജീവിതം അർത്ഥപൂർണ്ണമാകണം എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്.! ഈ സന്ദർഭത്തിൽ, മനസ്സിനെ പാകപ്പെടുത്തി എടുക്കാൻ ശ്രമിച്ചാൽ വലിയ പരിക്കുകൾ കൂടാതെ ജീവിതം ലക്ഷ്യസ്ഥാനത്തെത്തും. കൃപയിൽ ജീവിച്ച്, പ്രകാശത്താൽ നയിക്കപ്പെട്ട്, സമാധാനത്തിൽ നിലകൊള്ളുവാൻ ഓരോ വ്യക്തികളും പരിശ്രമിക്കേണ്ടതാണ്.
ഇവിടെ കൃപ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, നമ്മളോട് തന്നെയും സമൂഹത്തോടും കരുണയും സ്നേഹവും പുലർത്തണമെന്നാണ്. അപ്പോൾ നമ്മുടെ ഉള്ളിൽ എളിമയും സ്നേഹവും നന്ദിയും എല്ലാം ഉയർന്നുവരും, ഏത് പ്രതിസന്ധിഘട്ടത്തിലും സന്തോഷവും തോന്നും. വിപരീത സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് കരുതി മുന്നോട്ടു പോയാൽ, തിരിച്ചടികളെ കുറ്റപ്പെടുത്താതെ പഴിക്കാതെ കരുണയോടെ ഉൾക്കൊള്ളാം.
അപ്പോൾ നമ്മുടെ മനസ്സിലും ചിന്തകളിലും വിവേകത്തിൻ്റെയും, യാഥാർത്ഥ്യത്തിന്റെയും വെളിച്ചം വീശും. ശുഭാപ്തി വിശ്വാസം എന്ന വെളിച്ചം ജീവിതത്തെ പ്രകാശമാനമാക്കും.
ജീവിതം പരാജയപ്പെടുമോ, തകരുമോ എന്നുള്ള ഉത്കണ്ഠയെ ഇല്ലാതാക്കി യഥാർത്ഥ വഴിയിലേക്ക് നയിക്കുന്നത് ഈ പ്രകാശമാണ്. വെളിച്ചം അന്ധകാരത്തെ അകറ്റുമല്ലോ.! അപ്പോൾ നമ്മുടെ മനസ്സ് സമാധാനത്താൽ നിറയുന്നത് അനുഭവിച്ചറിയാൻ പറ്റും. ജീവിതത്തിൽ ഏത് തരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും ഈ സമാധാനം സുരക്ഷിതരാക്കും.
ചില ആളുകൾ പ്രശ്നങ്ങളുടെ നടുവിലാണെങ്കിലും അവർ തികച്ചും അക്ഷോഭ്യരായിരിക്കുന്നത്, അവരുടെ മനസ്സ് സമാധാനമെന്ന കല സ്വായത്തമാക്കിയത് കൊണ്ടാണ്. അതുകൊണ്ട്, മനസ്സമാധാനത്തോടെ ഉറങ്ങാൻ, ജീവിക്കാൻ, കാര്യങ്ങളെ അഭിമുഖീകരിക്കാൻ, കൃപയിലും നന്മയുടെ പ്രകാശത്തിലും ദൈവിക സമാധാനത്തിലും ജീവിക്കുക.
" നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയും ഉള്ളവൻ തന്നെ; ഞങ്ങളിലേക്ക് തിരിഞ്ഞ് ഞങ്ങളോട് കൃപയുണ്ടാകണമേ.!" (സങ്കീർത്തനങ്ങൾ 86:15;16)
സുഭാഷ് ടിആർ