"ജീവിതത്തിന് തന്നെ ഒരു അർത്ഥവുമില്ല, പക്ഷേ അത് ഒരു അർത്ഥം സൃഷ്ടിക്കാനുള്ള അവസരമാണ്"ഇന്നത്തെ ചിന്താവിഷയം

ജീവിതത്തിൻ്റെ അർത്ഥം എന്താണെന്ന് ഒരു വലിയ ചിന്തകനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ഇന്നത്തെ ചിന്താവിഷയം. ശരിക്കും ആലോചിച്ചു നോക്കിയാൽ ജീവിതത്തിന് ആരാണ് അർത്ഥം കൽപ്പിക്കുന്നത് അല്ലേ.!
എല്ലാ മനുഷ്യരും ജനിക്കുന്നു ജീവിക്കുന്നു മരണമടയുന്നു. ജനനത്തിനും മരണത്തിനും ഇടയിലുള്ള കുറച്ചു നാളുകളേ ഉള്ളൂ ഈ ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തിന്.
അല്ലെങ്കിൽ ഏതാനം നാഴികളെ ഉള്ളൂ എന്നും പറയാം. ജീവിതകാലത്ത് ഒരു മനുഷ്യൻ എന്തെല്ലാമാണ് അനുഭവിക്കുന്നത് എന്ന് ഓർത്തു നോക്കിയാൽ ഒരു അന്തവും കുന്തവും ഉണ്ടാവത്തില്ല എന്ന് നാട്ടുഭാഷയിൽ പറയാം.
ജീവിതത്തിൻ്റെ അർത്ഥം അറിഞ്ഞുകൊണ്ടാണോ ആരെങ്കിലും ജീവിക്കുന്നത് എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ ഉത്തരം വരും. സത്വ രജോ തമ ഗുണത്രയങ്ങൾ ഓരോ മനുഷ്യരിലും ഉണ്ട് എന്ന് നേരത്തെ നമ്മൾ പറഞ്ഞിട്ടുണ്ട്. മനുഷ്യരിൽ ഉൾക്കൊണ്ടിരിക്കുന്ന ഗുണങ്ങൾക്കനുസരിച്ച് ആയിരിക്കും അവരുടെ സ്വഭാവവും പ്രവർത്തികളും ജീവിത രീതികളും എല്ലാം.
ഭൂമിയിൽ നിന്ന് ജനിച്ച് ഭൂമിയിലേക്ക് തന്നെ മടങ്ങിപ്പോകുന്ന നരജന്മത്തിന് ഒരർത്ഥവും ഇല്ലെങ്കിൽ തന്നെയും അതിന് ഒരു അർത്ഥം സൃഷ്ടിക്കാനുള്ള അവസരമാണ് മനുഷ്യജന്മം എടുത്തിരിക്കുന്ന എല്ലാവരുടെയും മുന്നിലുള്ളത്. കോടാനുകോടി മനുഷ്യർ ഭൂജാതരായി, പിന്നീട് കാലയവനികക്കുള്ളിൽ മറഞ്ഞാലും അവർ ഇവിടെ ജീവിച്ചിരുന്നു എന്നത് ചരിത്രമാക്കി മാറ്റുന്നവരുണ്ട്.
അങ്ങനെ വിശ്വവിഖ്യാതരായ അനേക സജ്ജന സഹസ്രങ്ങളുടെ ജീവിതം അർത്ഥപൂർണ്ണമാക്കിയത് അവരുടെ സത്കർമ്മങ്ങളാലാണ്. അല്ലെങ്കിൽ അവർ ലോകത്തിൽ നൽകിയ മഹത്തായ സംഭാവനകൾ കൊണ്ടാണ്. എന്നാൽ ഇതേ നാണയത്തിന്റെ മറുവശത്ത് സഹസ്രകോടി വരുന്ന ദുർവൃത്തരായ മനുഷ്യരുടെ വൃന്ദവും ഉണ്ട്.
ഈ രണ്ടു കൂട്ടം ആളുകളെയും വിലയിരുത്തുമ്പോൾ, എണ്ണത്തിൽ കുറവാണെങ്കിലും സജ്ജനങ്ങളുടെ ജീവിതമാണ് അർത്ഥസമ്പുഷ്ടം ആയിരിക്കുന്നത് എന്ന് അറിയാമല്ലോ.
അവർക്ക് കിട്ടിയ ശ്രേഷ്ഠമായ മനുഷ്യജന്മം അവർ മറ്റുള്ളവർക്ക് ഒരു മാതൃകയായി ജീവിച്ചു കാണിച്ചുകൊടുത്തു. അങ്ങനെ അവർ ജീവിതത്തിന് അർത്ഥം ഉണ്ടാക്കിയിട്ടാണ് ഈ ലോകത്ത് നിന്നും യാത്രയായത്.
സുഭാഷ് ടിആർ