"ഭൂമിയിലെ ഏറ്റവും വലിയ ഷോയിലേക്കുള്ള ടിക്കറ്റാണ് ജീവിതം"ഇന്നത്തെ ചിന്താവിഷയം

ജീവിതത്തെക്കുറിച്ച് ധാരാളം നിർവചനങ്ങൾ നമ്മളൊക്കെ കേൾക്കാറും വായിക്കാറും ഉണ്ടെന്ന് ഇതിന് മുമ്പ് ഈ പംക്തിയിൽ സൂചിപ്പിച്ചിട്ടുണ്ടായിയിരുന്നുവല്ലോ. ഇതാ ജീവിതത്തെക്കുറിച്ച് മറ്റൊരു ശ്രദ്ധേയമായ നിർവചനമാണ് ഇന്നത്തെ ചിന്താവിഷയമാകുന്നത്. ഭൂമിയിലെ ഏറ്റവും വലിയ പ്രകടനം കാണുവാനുള്ള ടിക്കറ്റ് ആണ് ജീവിതം എന്നാണ് മറ്റൊരു നിർവചനം.
ഒരു തരത്തിൽ ചിന്തിച്ചാൽ അത് ശരിയാണ് എന്ന് നമുക്ക് തോന്നും. ഒരു മനുഷ്യ ജീവിതം ഏതൊക്കെ രീതിയിലുള്ള പ്രകടനങ്ങൾക്ക് ശേഷമാണ് ഭൂമിയിൽ നിന്നും വേർപിരിയുന്നത് എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.
കഥയും തിരക്കഥയും ക്യാമറമാനും സംവിധായകനും ആർട്ടിസ്റ്റുകളും ഒക്കെ ചേർന്ന് ഒരുക്കുന്ന സിനിമകളും നാടകങ്ങളും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. അതൊക്കെ ഒരു പ്രത്യേക രീതിയിൽ ക്രമപ്പെടുത്തി ഉണ്ടാക്കിയെടുക്കുന്ന ചിത്രീകരണം ആണല്ലോ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ മുൻകൂട്ടി തയ്യാറാക്കി എടുക്കാൻ ഒരു ചിത്രകഥ നമ്മൾക്ക് ലഭിക്കുന്നില്ല എന്നതല്ലേ സത്യം.
നിമിഷങ്ങളുടെ സ്പന്ദനമാണ് ഓരോ ജീവിതവും. അടുത്ത നിമിഷം ഒരു മനുഷ്യൻ്റെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ കഴിയത്തില്ല. ഭൂമി എന്ന് പറയുന്നത് ഏറ്റവും വലിയ നാടകശാലയാണ്.
പ്രകൃതിയുടെ പശ്ചാത്തലത്തിൽ അതിൽ അഭിനയിക്കുന്നത് മഴയും വെയിലും മഞ്ഞും തണുപ്പും മനുഷ്യരും മറ്റു സസ്യ ജന്തു ജീവജാലങ്ങളും ഉൾപ്പെടെയുള്ള സഹസ്രകോടി ആർട്ടിസ്റ്റുകൾ ആണ്. ഈ ഭൂമിയിലാണ് ഏറ്റവും വലിയ പ്രകടനം അല്ലെങ്കിൽ കാഴ്ചകൾ നടക്കുന്നതും അരങ്ങേറുന്നതും.
പത്തഞ്ഞൂറ് കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ഈ ഭൂമിയിലാണ് ഏറ്റവും വലിയ ജീവിതങ്ങളും കാഴ്ചകളും ഒക്കെ ഒരുക്കുന്നത്. നായകരും നായികമാരും, വില്ലനും വില്ലത്തിയും, കൊമേഡിയനും ഉൾപ്പെടെയുള്ള നിരവധി കഥാപാത്രങ്ങളായാണ് നമ്മൾ ഈ ഷോയിൽ അഭിനയിക്കുന്നത്. അന്യരുടെ ജീവിതവും നമ്മുടെ ജീവിതം പോലെ വിലയേറിയതാണ് എന്ന് ചിന്തിക്കാത്തതാണ് ഏറ്റവും വലിയ സാമൂഹിക വിപത്ത്.
നമുക്ക് ചുറ്റുമുള്ള ഒരോ മനുഷ്യരുടെയും സങ്കടത്തിന്റെയും മറ്റു ദുരിതങ്ങളുടെയും കാരണക്കാർ ഒരിക്കലും നമ്മൾ ആകരുത്. ഭൂമിയിൽ നടക്കുന്ന പ്രകടനങ്ങൾ മനുഷ്യരാശിയുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ രീതിയിലേക്ക് മാറ്റുന്നതാണ് ഏറ്റവും ഉത്തമം.
ഈ ഭൂമിയിൽ ജീവിക്കാൻ നമുക്ക് കിട്ടിയ അവസരം ഒരു വലിയ ബംബർ ടിക്കറ്റിന്റെയാണ്. അതായത്, ഭൂമിയിലെ ഏറ്റവും വലിയ പ്രകടനം കാണുവാനുള്ള ടിക്കറ്റ് ആണ് ഈ ജീവിതം എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് നവീകരണ പ്രക്രിയകൾ ആരംഭിച്ചത്.
സുഭാഷ് ടിആർ