"ജീവിതം കഠിനമാണ്, പക്ഷേ നിങ്ങളും ശക്തരാണ്"ഇന്നത്തെ ചിന്താവിഷയം 
 

 
life

മനുഷ്യജീവിതം സുഖദുഃഖങ്ങൾ ആകുന്ന ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണല്ലോ.  പ്രതിസന്ധികളും വെല്ലുവിളികളും സങ്കടങ്ങളും നിറഞ്ഞ ഒരുവശവും, സന്തോഷവും സമ്പത് സമൃദ്ധിയും ഐശ്വര്യവും പുരോഗതിയും നിറഞ്ഞ മറ്റൊരു വശവും.

എന്നാൽ ഭൂരിഭാഗം പേരും കഠിനമായ പാതകളിലൂടെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്,  സുഖവും സന്തോഷവും സമാധാനവും സമ്പത് സമൃദ്ധിയും നിറഞ്ഞ ജീവിതം ആണല്ലോ.

ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ വരുമ്പോൾ, അപ്രതീക്ഷിതമായ  തിരിച്ചടികൾ ജീവിതത്തിൽ ഉടനീളം സംഭവിക്കുമ്പോൾ  കഠിനമാണല്ലോ ഈ ജീവിതം എന്ന് ഓർത്ത് സങ്കടപ്പെടാറില്ലേ. എന്നാൽ അത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ ഒരു വഴി ഇതാണ്. "തടസ്സങ്ങളെക്കാൾ അതി ശക്തനാണ് ഞാൻ" എന്ന ചിന്ത മനസ്സിൽ ഉറപ്പിക്കുക.

തടസ്സങ്ങൾ ഉണ്ടെങ്കിലേ ജീവിതം ഊതിക്കാച്ചിയ പൊന്നുപോലെ ആവുകയുള്ളൂ.  ജീവിതത്തിലെ കഷ്ടപ്പാടുകളാണ്,  ഒരാളുടെ യഥാർത്ഥ കഴിവിനെയും ശക്തിയെയും പുറത്തു കൊണ്ടുവരുന്നത്. ജീവിതത്തിൽ വീഴ്ചകൾ സംഭവിച്ചു  എന്നുവെച്ച്  ആരും തകർന്നു പോകത്തില്ലല്ലോ.

വീഴ്ചകൾ നമുക്ക് നൽകുന്നത്, തിരിച്ചറിവിന് വേണ്ടിയാണ്. ആ തിരിച്ചറിവാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന അനുഭവസമ്പത്ത് എന്ന് ഓർത്താൽ കഠിനമായ സാഹചര്യങ്ങളെ പുഷ്പം പോലെ അവഗണിച്ച് മുന്നോട്ട് പോകാൻ പറ്റും. 

ഇന്നലെകളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ, നിങ്ങൾ ഞെട്ടിപ്പോകും. ഒരിക്കലും രക്ഷപ്പെടില്ലെന്ന്  കരുതിയ എത്രയെത്ര പരീക്ഷണങ്ങളെയാണ് നിങ്ങൾ ജയിച്ചു കയറിയത്. നിങ്ങൾ തളർന്നു പോകാതെ  താങ്ങിനിർത്തിയ അദൃശ്യ കരങ്ങൾ  നൽകിയ  കരുത്ത് ഇന്നും നിങ്ങളിലുണ്ട്.

നിങ്ങളെ  ചേർത്തുപിടിച്ച സുഹൃത്തുക്കൾ ബന്ധുക്കൾ അഭ്യുദയകാംക്ഷികൾ ഒക്കെ, നിങ്ങൾ തളരാതെ താങ്ങി നിർത്തിയില്ലേ. എത്ര കഠിനമായ സാഹചര്യത്തെയും  നേരിടാനുള്ള മനക്കരുത്ത്  മനുഷ്യരിലുണ്ട് എന്ന് എപ്പോഴും ഓർത്ത് പ്രത്യാശയുടെ മുന്നോട്ടുപോവുക. "നിങ്ങൾ അതിശക്തനാണ്, നിങ്ങളെ പരാജയപ്പെടുത്താൻ ആർക്കും കഴിയത്തില്ല"

സുഭാഷ് ‌ടിആർ
 

Tags

Share this story

From Around the Web