"ജീവിതം മനോഹരമാണ്. നിങ്ങളുടെ ശക്തി കൊണ്ട് പോരാടുക,പക്ഷേ മറ്റുള്ളവരുടെ ബലഹീനതകളോട് പോരാടരുത്, കാരണം യഥാർത്ഥ വിജയം മറ്റുള്ളവരുടെ ശ്രമങ്ങളിലല്ല,നിങ്ങളുടെ ശ്രമങ്ങളിലാണ്"ഇന്നത്തെ ചിന്താവിഷയം

ജീവിതം മനോഹരമാണ് എന്ന് പറയുന്നതിനോട് വിയോജിക്കുന്നവർ തീർച്ചയായും ഉണ്ടാവും. കാരണം എല്ലാവർക്കും ജീവിതം അത്രയ്ക്ക് മനോഹരം ആയിരിക്കണം എന്നില്ല. അത് വിഭിന്ന കാരണങ്ങൾ കൊണ്ട് ആവാം.
എങ്കിലും ജീവിതം മനോഹരമാണ് എന്ന് കേൾക്കുമ്പോൾ ഒരു പോസിറ്റീവ്നസ്സ് തോന്നുന്നില്ലേ. ജീവിതം മനോഹരമാക്കിയവരെല്ലാം നല്ല രീതിയിൽ പരിശ്രമിച്ചത് കൊണ്ടാണ്. ജീവിതം ഒരു സമരമല്ലേ. ജീവിത സമരം എന്ന പേരിൽ ഒരു സിനിമ വളരെ പണ്ട് ഇറങ്ങിയതായി ഓർക്കുന്നു. ഒരു വലിയ പോരാട്ടത്തിന്റെ അന്തിമ ഫലമാണ്, വിലയിരുത്തലാണ് ജീവിതം മനോഹരമാക്കുന്നതും മോശമാക്കുന്നതും.
നമ്മുടെ ചുറ്റുമുള്ള ചില മനുഷ്യർ, മറ്റുള്ളവരുടെ ബലഹീനതകളെ ചികഞ്ഞെടുത്ത്, അതുവച്ചാണ് യുദ്ധം ചെയ്യുന്നത്. അന്യരുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ഇത്തരം പ്രവർത്തികൾ കൊണ്ട് അവർ വിജയിക്കുന്നത് മറ്റുള്ളവർ സ്വയം ഒതുങ്ങിക്കൊടുക്കുന്നത് കൊണ്ടാണ് എന്ന് ഇവർ അറിയുന്നില്ല. അതുമല്ലെങ്കിൽ ഇത്തരക്കാർക്ക് അവർ അറിഞ്ഞു കൊടുക്കുന്ന ഭിക്ഷയും ആകാം. സ്വന്തം കഴിവുകളിലും പ്രതിഭയിലും വിശ്വാസമില്ലാത്തവരാണ് ഇത്തരം നീച പ്രവർത്തികൾ ചെയ്തു വരുന്നത്.
സ്വന്തം ശക്തിയെ തിരിച്ചറിഞ്ഞ് ആ ശക്തി ഉപയോഗിച്ച് ജീവിതത്തെ നേരിടുകയാണ് വേണ്ടത്. അതോടൊപ്പം സ്വന്തം ബലഹീനതയും തിരിച്ചറിയണം. അത് കണ്ടെത്തി ആത്മ പരിശോധനയും സ്വയം തിരുത്തലുകളും ആകാം. യഥാർത്ഥ വിജയം എന്നു പറയുന്നത് ഇതാണ്. അവനവൻ തന്നെ പരിശ്രമിക്കുക. മറ്റുള്ളവരെ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഉപയോഗിക്കാതിരിക്കുക.
ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ്, ചതിക്കുഴികളിൽ പെടാതെ ജീവിക്കാൻ കഴിഞ്ഞാൽ ജീവിതം മനോഹരമാകും. അതുപോലെ മനസ്സാ വാചാ കർമ്മണാ അന്യർക്ക് യാതൊരു ഉപദ്രവും ചെയ്യാതിരുന്നാലും ജീവിതം മധുരതരമാകും മനോഹരമാകും എന്നും ഓർക്കുക.
സുഭാഷ് ടിആർ