'ജീവിതം മനോഹരമാണ്. ഒരു ദിവസവും, ഒരു മണിക്കൂറും, ഒരു മിനിറ്റും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ല. അതിനാല്‍ വഴക്കുകളും കോപവും ഒഴിവാക്കി എല്ലാവരോടും സ്‌നേഹത്തോടെ സംസാരിക്കുക'

മനുഷ്യകുലം ഉണ്ടായ കാലം മുതല്‍ മനുഷ്യര്‍ തമ്മില്‍ സ്‌നേഹവും യുദ്ധവും ഉണ്ടായിട്ടുണ്ട്. കൂടുതലും യുദ്ധമായിരുന്നു എന്ന് വേണം കരുതാന്‍. കാരണം ഏറ്റവും പെട്ടെന്ന് നടക്കുന്നത് സൗഹൃദത്തേക്കാളും യുദ്ധമാണ്.
രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടും അല്ലാതെയും യുദ്ധങ്ങള്‍ നടത്താറില്ലേ. ഇപ്പോഴും പല രാജ്യങ്ങള്‍ തമ്മിലും യുദ്ധം നടന്നുകൊണ്ടിരിക്കുകയാണല്ലോ. വ്യക്തികള്‍ തമ്മിലും അയല്‍ക്കാര്‍ തമ്മിലും കിട മത്സരങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. പിന്നീട് ഒരിക്കല്‍, ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു എന്ന് ചിന്തിക്കുമ്പോഴാണ് കുറ്റബോധം പലര്‍ക്കും തോന്നുന്നത്.
കുറ്റബോധം തോന്നാത്തവരും സമൂഹത്തിലുണ്ട്. പരസ്പരം സ്‌നേഹിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്നവരും സമൂഹത്തിലുണ്ട്. സൗഹൃദങ്ങള്‍ക്ക്, ബന്ധങ്ങള്‍ക്ക്, മൂല്യം ഉണ്ടാവുന്നത് വിട്ടുവീഴ്ചയിലൂടെയുള്ള പരസ്പര സഹകരണത്താലാണ്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക' എന്ന വചനം ജനങ്ങളോട് ഉറക്കെ പറയുന്നതും ഇതാണ്.
ജീവിതം മനോഹരമാകണമെങ്കില്‍, അയല്‍ക്കാരും സമാധാനവും സന്തോഷവും അനുഭവിക്കുക തന്നെ വേണം. അന്യരുടെ വിഷമം നമ്മളുടേതായി കരുതപ്പെടുമ്പോഴാണ് അവിടെ സമാധാനവും സ്‌നേഹവും ഉടലെടുക്കുന്നത്. കഴിഞ്ഞുപോയ ഒരു നിമിഷം പോലും നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരത്തില്ല എന്ന ഉത്തമ ബോധ്യം ഉണ്ടാവുന്നത് നല്ലതാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം ബോധ്യങ്ങള്‍, ബോധ്യപ്പെടുത്തലുകള്‍ സമൂഹം ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് വേദനാജനകം. നാളെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ചുള്ള യാതൊരു ചിന്തയുമില്ലാതെയാണ് സമൂഹം മുന്നോട്ടുപോകുന്നത് എന്ന് തോന്നുന്നില്ലേ. അത് ഇപ്പോള്‍ തന്നെ വലിയ സാമൂഹ്യ, സാമ്പത്തിക അസന്തുലിതാവസ്ഥയിലേക്കും, അക്ഷമയിലേക്കും, അതി തീവ്രമായ രോഷത്തിലേക്കും ജനങ്ങളെ കൊണ്ടു പോകുന്നു.
തല്‍ഫലമായി, ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ആക്രമണകാരികള്‍ ആയി മാറി, നശീകരണ പ്രവൃത്തികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ചുറ്റും മാത്രമല്ല, നമ്മുടെ രാജ്യത്തിന് ചുറ്റും നടക്കുന്ന സംഭവവികാസങ്ങളും നമ്മളെ ഓര്‍മിപ്പിക്കുന്നതും ഇതാണ്. സ്ഥാപിത താല്പര്യങ്ങള്‍ നേടിയെടുക്കാനായി മനോഹരമായ ജീവിതത്തെ കൈവിട്ടു കളയാതിരിക്കുക.
വഴക്കും വക്കാണവും ഉപേക്ഷിച്ച് എല്ലാവരോടും സൗഹൃദത്തോടെയും സ്‌നേഹത്തോടെയും പെരുമാറുക. കൊഴിഞ്ഞു പോയത് കൊഴിഞ്ഞു പോയത് തന്നെ, അത് ഇനി ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ച് വരത്തില്ല എന്ന് ഓര്‍ക്കുക.
സുഭാഷ് ടി ആര്‍