"ജീവിതം ഒരു നാടകമാണ്, ലോകം അരങ്ങും;സ്ത്രീ പുരുഷന്മാർ നടീനടൻമാരും"ഇന്നത്തെ ചിന്താവിഷയം

വളരെ പ്രസിദ്ധമായതും പ്രസക്തിയുള്ളതുമായ ഈ വാക്കുകൾ വില്യം ഷേക്സ്പിയറിന്റേതാണ് എന്ന് അറിയാത്തവർ വളരെ കുറവായിരിക്കും. ലോകാരംഭം മുതൽ ഈ നിമിഷം വരെയും മനുഷ്യർ മികച്ച അഭിനേതാക്കളായി അരങ്ങ് തകർക്കുകയായിരുന്നു. ഇനി വരാനിരിക്കുന്ന ഓരോ നിമിഷങ്ങളും മനുഷ്യർ അഭിനയിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്.
അതിവിശാലമായ ഈ ലോകമാണ് നടീ നടന്മാരുടെ കേളീ രംഗം. എത്രയെത്ര വേഷപ്പകർച്ചകൾ ആണ് ഓരോരുത്തരും നിമിഷങ്ങൾക്കുള്ളിൽ അണിയുന്നത്. പല തരത്തിലുള്ള നിറക്കൂട്ടുകൾ ചാലിച്ച് മുഖമെഴുതി അരങ്ങത്ത് വരുമ്പോൾ കാണികൾക്ക് അവരെ തിരിച്ചറിയാൻ സാധിക്കാറില്ല. അല്പം മുമ്പ് കണ്ട മുഖച്ചാർത്തുമായി വന്നവർ തന്നെയാണോ ഇപ്പോൾ മുമ്പിൽ നിൽക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ മുഖത്തെഴുത്ത് മാറിയിരിക്കും.
അതുപോലെ എത്രയെത്ര വേഷങ്ങളിലാണ് മത്സരിച്ച് അഭിനയിക്കുന്നത് എന്ന് നോക്കിക്കേ.! മകൾ, സഹോദരി, ഭാര്യ, മരുമകൾ, നാത്തൂൻ, അമ്മ, അമ്മായിയമ്മ, മുത്തശ്ശി ഇങ്ങനെ സ്ത്രീകൾ ജീവിതത്തിൽ വേഷമിടുമ്പോൾ, മകനായും സഹോദരനായും മരുമകനായും, അളിയനായും ഭർത്താവായും അച്ഛനായും മുത്തശ്ശനായും പുരുഷൻമാരും വേദിയിൽ നിറഞ്ഞാടി അഭിനയം കൊഴുപ്പിക്കും.
ഈ വേഷപ്പകർച്ചകൾക്കിടയിൽ ഉണ്ടാകുന്ന സന്തോഷവും സങ്കടവും വിജയവും പരാജയവും അഭിനേതാക്കളെ, മികച്ച അഭിനയം കാഴ്ചവെക്കാൻ പഠിപ്പിക്കും. ദുഃഖ പുത്രനായും, ദുഃഖപുത്രിയായും ധൂർത്തരായും ചതിയരും വഞ്ചകരുമായും വേഷമിടുന്ന അഭിനേതാക്കളെയും നമ്മൾ കാണാറുണ്ട്.
അധികം വിവരിക്കേണ്ട കാര്യമില്ലല്ലോ. ചുരുക്കി പറഞ്ഞാൽ, നമ്മുടെ ചുറ്റും കാണുന്നതെല്ലാം, ഓരോരോ നാടക വേദികളും, അവിടെ കാണുന്ന നമ്മൾ ഉൾപ്പെടെയുള്ള മനുഷ്യരെല്ലാം അഭിനേതാക്കളും അല്ലേ.!
സുഭാഷ് ടിആർ