"അവർ പോകട്ടെ, ആര് കൂടെയുണ്ടാകുമെന്ന് കാണാം." ഇന്നത്തെ ചിന്താവിഷയം
മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാൽ എത്രയോ ആളുകളാണ് ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നത് അല്ലേ. മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന രക്ത ബന്ധുക്കളും സ്നേഹിതരും സഹപാഠികളും സഹപ്രവർത്തകരും തുടങ്ങി ഒട്ടനവധി പേർ മനുഷ്യരോട് ചേർന്ന് നിൽക്കാറുണ്ട്. കാലചക്രം കറങ്ങി വരുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകും എന്ന് പറയാൻ പറ്റത്തില്ലല്ലോ.
പലപല സാഹചര്യങ്ങൾ മൂലം എല്ലാവരും കൂടെയുണ്ടാകും എന്ന് പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. "പോകുന്നവർ പോകട്ടെ, നിൽക്കുന്നവർ നിൽക്കട്ടെ" എന്ന് ചിന്തിച്ചാൽ പോയവരെക്കുറിച്ച് വിഷമം തോന്നുകയില്ല.
ഈ ഒരു തിരിച്ചറിവ് ജീവിതത്തിൽ പല മാറ്റങ്ങൾക്കും കാരണമാകും. .നമ്മളുടെ അടുത്തുനിന്നും വിട്ടുപോകാൻ ആഗ്രഹിക്കുന്നവർ പൊക്കോട്ടെ എന്ന് വിചാരിക്കുക. അവരെ നിർബന്ധിച്ച് പിടിച്ചുനിർത്തിട്ട് ഒരു കാര്യവുമില്ല, കാരണം അവർ പോകാൻ നിൽക്കുന്നവരാണ്.
യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാൻ ഈ അവസരമാണ് നമ്മുടെ മുന്നിലുള്ളത്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളിലും
തകർച്ചകളിലും നമ്മുടെ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. അവരല്ലേ നമ്മുടെ ജീവിതത്തിലെ മൂലധനം.
നമ്മളെയൊക്കെ അംഗീകരിക്കാത്ത ആളുകളുടെ പുറകെ പോകേണ്ട ഒരു കാര്യവുമില്ല. അവരെ അവരുടെ വഴിക്ക് വിട്ടാൽ മനസ്സമാധാനം ഉണ്ടാവും. ജീവിതം ഒരു തീർത്ഥയാത്രയാണ്. സഹയാത്രികരായി ആളുകൾ വരികയും പോകുകയും ചെയ്യും. കൂടെ നിൽക്കുന്നവരെ എപ്പോഴും ചേർത്തു നിർത്താൻ ശ്രമിക്കുക.
സുഭാഷ് ടിആർ