"നിങ്ങളുടെ മനസ്സിനെ വെടിയുക, ആത്മാവിനെ കണ്ടെത്തുക"ഇന്നത്തെ ചിന്താവിഷയം
ആധുനിക ലോകത്ത് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അനാവശ്യമായ ചിന്തകളാണ്. എപ്പോഴും കാറും കോളും നിറഞ്ഞ്, വീശി അടിക്കുന്ന തിരമാലകൾ ഉള്ള സമുദ്രം പോലെയാണ് മനുഷ്യൻ്റെ മനസ്സ്. ഒന്നിന് പിറകെ ഒന്നായി പലതരത്തിലുള്ള ചിന്തകൾ മനുഷ്യനെ വേട്ടയാടാറുണ്ട്. അത് ഓരോരുത്തരുടെയും സാഹചര്യങ്ങൾ അനുസരിച്ച് വ്യത്യസ്തവും ആയിരിക്കും.
ഭാവിയക്കുറിച്ചുള്ള ഉത്കണ്ഠകളും ഇന്നലെ നൽകിയ വേദനകളും നമ്മുടെ മനസ്സിനെ മഥിക്കാറില്ലേ. മനസ്സിനെ അശാന്തമാക്കുന്ന അനാവശ്യ ചിന്തകളെ ഇല്ലാതാക്കിയാൽ മാത്രമേ നമ്മുടെ യഥാർത്ഥ ആത്മാവിനെ ദർശിക്കാൻ സാധിക്കൂ. മനുഷ്യൻ്റെ ഉള്ളിലെ അഹങ്കാരത്തെയും അഹംഭാവത്തെയും ഈഗോയെയും ഉപേക്ഷിക്കുക.
മനുഷ്യ മനസ്സല്ലേ, അത് എപ്പോഴും മുൻവിധികൾ തയ്യാറാക്കും. അസൂയയും കുശുമ്പും ദേഷ്യവും ഭയവും എല്ലാം മനുഷ്യൻ്റെ മനസ്സിൽ നിന്നും വരുന്നതാണ്. ഇത്തരം വെല്ലുവിളികളിൽ നിന്ന് മാറി നിൽക്കണമെങ്കിൽ ആത്മാവിനെ കണ്ടെത്തണം. മനസ്സിനെ എപ്പോഴും ശാന്തമാക്കുക. മനസ്സ് ശാന്തമാകുമ്പോൾ നമ്മുടെ ആത്മാവ് ഉണരുന്നത് തിരിച്ചറിയാം.
മനസ്സിനെ ഏകാഗ്രമാക്കുവാൻ പ്രകൃതിയിലേക്ക് ഇറങ്ങിയാൽ മതി. ഇഷ്ടമുള്ള കാര്യങ്ങളിൽ അഭിരമിക്കുക, ഇഷ്ടമുള്ളത് ചെയ്യുക, ആരെയും ദ്രോഹിക്കാതിരിക്കുക. അപ്പോൾ നമ്മൾ അറിയാതെ തന്നെ മനസ്സിനെ മറന്ന് ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നതായും, ഇതുവരെ അനുഭവിക്കാത്ത സമാധാനവും സ്നേഹവും അനുഭവിക്കുകയും ചെയ്യും.
സുഭാഷ് ടിആർ