"മറ്റുള്ളവരെ വിധിക്കുന്നതിന് മുൻപ് ആദ്യം സ്വയം അറിയുക" ഇന്നത്തെ ചിന്താവിഷയം
മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മനുഷ്യർക്ക് വലിയ ഉത്സാഹമാണ് എന്ന് തോന്നുന്നുണ്ടോ. അവിടെ ജാതിയൊ മതമോ ജോലിയോ ഒന്നും വിലങ്ങ്തടിയല്ല. വീട്ടുമുറ്റത്തും, അങ്ങാടിയിലും ജോലി സ്ഥലങ്ങളിലും സാധാരണക്കാരായ നാലാളുകൾ കൂടുന്ന ഇടങ്ങളിലും ഇത്തരം പരദൂഷണം പറയാനും കേൾക്കാനും ആളുകൾ കൂടാറുണ്ട്.
അതേസമയം ഇത്തരം പരദൂഷണങ്ങൾ പറയാനും കേൾക്കാനും ഒട്ടും തന്നെ താൽപര്യം ഇല്ലാത്തവരും ഉണ്ട്. തെറ്റുകൾ ചെയ്യാത്ത മനുഷ്യർ ഭൂമിയിൽ ഉണ്ടോ. അറിഞ്ഞോ അറിയാതെയോ തെറ്റുകളിലേക്ക് വീണ് പോകുന്നവരാണ് അധികവും. പിന്നെ മറ്റൊരു കാര്യം ഉള്ളത് എന്താണെന്ന് വെച്ചാൽ മറ്റുള്ളവർക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കാത്തവരെയും, മാനം മര്യാദയ്ക്ക് ജീവിക്കുന്നവരെയും കുറിച്ച് അപവാദം പ്രചരിപ്പിച്ച് രസിക്കുന്ന ചിലരും സമൂഹത്തിൽ ഉണ്ട്.
അസൂയയും കുശുമ്പും നിറഞ്ഞ മനസ്സുള്ളവരുടെ ഇത്തരം പ്രവൃത്തികളിൽ നീറി കഴിയുന്നവരുടെ കാര്യം ഓർത്ത് നോക്കൂ. ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടിയാലും ഒരു മനുഷ്യൻ്റെ വായ് മൂടിക്കെട്ടാൻ പറ്റത്തില്ല എന്ന് കേട്ടിട്ടില്ലേ. ദോഷൈകദൃക്കുകൾ സകലരിലും കുറ്റങ്ങൾ കണ്ടുപിടിക്കും. മറ്റുള്ളവരെ കുറ്റവിചാരണ ചെയ്യുന്നതിന് മുമ്പ് സ്വയം അറിയാൻ ശ്രമിക്കുക.
സ്വന്തം കണ്ണിലെ കോൽ എടുത്തു കളഞ്ഞിട്ട് ആകണം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തു കളയാൻ എന്ന് കേട്ടിട്ടില്ലേ. "നിങ്ങളിൽ കുറ്റം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ" എന്ന് യേശു പറയാനുണ്ടായ സാഹചര്യം ഓർത്തു നോക്കൂ. മറ്റുള്ളവരെ വിധിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് ആത്മ പരിശോധന നടത്തുക.
"വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്" ( മത്തായി 7:1)
സുഭാഷ് ടിആർ