"നിങ്ങളെക്കൊണ്ട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങൾ എല്ലാ ദിവസവും ചെയ്തുകൊണ്ടിരിക്കുക, ആരും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നില്ലെങ്കിൽ, സ്വയം അഭിമാനിക്കുക" ഇന്നത്തെ ചിന്താവിഷയം 

 

 
Love

ചില മനുഷ്യരെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയത്തില്ല.  എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ സമൂഹത്തിനുവേണ്ടി, വ്യക്തികൾക്ക് വേണ്ടി അവർ ചെയ്തുകൊണ്ടിരിക്കും. അവർ ജനിച്ചത് തന്നെ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് എന്ന് തോന്നി പോകുന്ന വിധത്തിലുള്ള പ്രവർത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

അവരുടെ സംസാരം പോലും എത്ര ഹൃദ്യമാണ് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും. പരിചയക്കാരോടും  അപരിചിതരോടും  ഒരേ പോലെയാണ് അവർ പെരുമാറുന്നത്. ആരെ കണ്ടാലും അവരുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അവരുടെ മനസ്സിൻ്റെ നന്മയെയാണ് വിളിച്ചോതുന്നത്.

വഴി ചോദിച്ചു വരുന്നവർക്ക് വഴികാട്ടി ആവാനും, ബസ്സിലൊ ട്രെയിനിലോ നിങ്ങൾ അവരുടെ സമീപത്ത് ഇരിക്കാൻ തുടങ്ങുമ്പോൾ ആദരവോടെ ഒതുങ്ങിയിരിക്കാനും, നിങ്ങൾ മറ്റൊരു വാഹനത്തെ മറികടന്ന് വരുമ്പോൾ, അവരുടെ വാഹനത്തിൻ്റെ വേഗത കുറച്ച് ഇടതുവശത്തേക്ക് ഒതുക്കി നിങ്ങൾക്ക് കടന്നുപോകാനുള്ള അവസരം കൊടുക്കാനും തുടങ്ങി നിസ്സാരം എന്ന് തോന്നുന്ന പല കാര്യങ്ങളും അവർക്ക് ചെയ്യാൻ കഴിയും എന്ന് അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഇക്കാര്യങ്ങൾ ഉദാഹരണത്തിന് വേണ്ടി പറഞ്ഞതാണ്. നിസ്സാരമെന്ന് മറ്റുള്ളവർ കരുതുന്ന പല കാര്യങ്ങളും പൂർണ്ണ മനസ്സോടെ സംതൃപ്തിയോടെയാണ് അവർ ചെയ്യുന്നത്. ഇത് മാത്രമല്ല ഏത് കാര്യവും ചെയ്യാൻ അവർ മുമ്പിൽ ഉണ്ടാവും. ആരുടെയും സാക്ഷ്യപത്രത്തിനു വേണ്ടിയല്ല അവർ ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയാമല്ലോ.

എല്ലാ ദിവസവും തങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക എന്നുള്ളതാണ് അവരുടെ രീതി. അവർ ചെയ്യുന്ന പ്രവർത്തികളെ ഓർത്ത് മറ്റുള്ളവർ അഭിമാനിക്കണമെന്നോ അവരെ ആദരിക്കണം എന്നോ അംഗീകരിക്കണമെന്നോ എന്നൊന്നും അവർ ഒട്ടും തന്നെ ആഗ്രഹിക്കുന്നില്ല.

അവർ സ്വയം അഭിമാനിക്കുകയാണ് ചെയ്യുന്നത്. ഇന്ന്, എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റിയെന്ന  ആത്മസംതൃപ്തിയോടെ അവർ ഉറങ്ങുന്നത്, നാളത്തെ ദിവസത്തിലേക്കുള്ള ഊർജ്ജം സംഭരിക്കുന്നതിന് വേണ്ടിയാണ്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web