"മാതൃകകളെ ചൂണ്ടിക്കാണിക്കാൻ വളരെ എളുപ്പമാണ്; എന്നാൽ സ്വയം ഒരു മാതൃകയാകാൻ വലിയ ബുദ്ധിമുട്ടുമാണ്" ഇന്നത്തെ ചിന്താ വിഷയം

മറ്റുള്ളവരെ ഉപദേശിക്കാൻ നമുക്ക് എളുപ്പമാണ്. അതിന് പ്രത്യേകിച്ച് ചിലവ് ഒന്നുമില്ല. ചില മാതാപിതാക്കൾ, അവരുടെ മക്കളോട് പറയാറുണ്ട്. "നിന്റെ ക്ലാസിലെ ആ കുട്ടിയെ കണ്ടു പഠിക്ക്,
അപ്പുറത്തെ വീട്ടിലെ കുട്ടിയെ കണ്ടു പഠിക്ക് എന്നൊക്കെ." ഇത് കുറേ ദിവസങ്ങൾ കേട്ട് കഴിയുമ്പോൾ ആ കുട്ടികളോട് ഇവരുടെ ഉള്ളിൽ വെറുപ്പും പകയും തോന്നാം. മറ്റുള്ളവരെ ചൂണ്ടിക്കാണിച്ച് അവരെ മാതൃകയാക്കാൻ മക്കളെ ഉപദേശിക്കുന്നതിന് പകരം, എന്തുകൊണ്ട് ഈ മാതാപിതാക്കൾക്ക് സ്വയം മാതൃകയായി മക്കളുടെ മുമ്പിൽ നിന്നുകൂടാ. ഇതുപോലെ പലരും പല സാഹചര്യങ്ങളിലും മറ്റുള്ളവരോട് പറയുന്നത് കേൾക്കാം. മാതാപിതാക്കൾ മറന്നുപോകുന്ന ഒരു കാര്യം കേൾക്കൂ.
ഒരു കുട്ടിയുടെ ഏറ്റവും വലിയ റോൾ മോഡലുകൾ അവന്റെയോ, അവളുടെയോ മാതാപിതാക്കളാണ്. അവരുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും അവർ നിത്യവും കണ്ടുകൊണ്ടിരിക്കുന്നതും കൂടുതൽ ഇടപഴകിക്കൊണ്ടിരിക്കുന്നതും മാതാപിതാക്കളുമായിട്ടാണ്. അതുകൊണ്ട് മക്കളുടെ മുമ്പിൽ മാതാപിതാക്കൾ എന്നും മാതൃകയായിരിയ്ക്കണം. മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികളുടെ ഏറ്റവും വലിയ റോൾ മോഡലുകൾ അവരുടെ അദ്ധ്യാപകരാണ് എന്നതിൽ സംശയമില്ലല്ലോ.
വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. നമ്മുടെയൊക്കെ ചെറുപ്പകാലത്ത് പല കുട്ടികളും അദ്ധ്യാപകരെ ഇരിപ്പിലും നടപ്പിലും ഒക്കെ അനുകരിക്കുന്നത് കണ്ടിട്ടില്ലേ. സ്നേഹത്തിന്റെയും, കരുണയുടെയും, വാത്സല്യത്തിന്റെയും, കരുതലിന്റെയും, സ്വയം മാതൃകയായി മാറിയ ഈശോയെ നമുക്ക് ഓർക്കാം.
ലോകരുടെ മുഴുവൻ ദുഃഖങ്ങളും പാപങ്ങളും മോചിപ്പിക്കാൻ പീഢനങ്ങൾ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച ഈശോയാണല്ലോ ലോകം ഇന്നുവരെ കണ്ടതിൽ ഏറ്റവും വൈശിഷ്ട്യനായ മാതൃകാ പുരുഷൻ. ഓരോ ജീവനെയും ആദരിക്കാനും ബഹുമാനിക്കാനും നമുക്ക് കഴിയണം.
മനുഷ്യർ തമ്മിലും രാജ്യങ്ങൾ തമ്മിലും പരസ്പരം ആദരവും കരുതലും എന്നും ഉണ്ടായിരുന്നു എങ്കിൽ മനുഷ്യകുലം, ഇന്ന് കാണുന്നതിനേക്കാളും വലിയ പുരോഗതിയിൽ എത്തുമായിരുന്നു. ലോകരാജ്യങ്ങൾക്കിടയിലും മനുഷ്യർക്കിടയിലും വെറുപ്പും പകയും വിദ്വേഷവും പടർന്നു കയറുന്ന കാലമാണ് ഇന്ന്. സ്വയം വിനീതൻ ആകാൻ ആർക്കും മനസ്സില്ലാതായി.
ആർദ്രമായി സംസാരിക്കുന്നവർ ഇന്ന് നന്നേ കുറവാണ്. ഉൽകൃഷ്ട വ്യക്തിത്വങ്ങൾ ഓരോരുത്തരായി കാലയവനികയ്ക്കുള്ളിൽ മറയുന്നു. പുതിയ തലമുറകൾ ലക്ഷ്യമില്ലാതെ എങ്ങോട്ടൊക്കെയോ പായുകയാണ്.
ഇത് സമൂഹത്തെ ആകമാനം പിടിച്ച് ഉലയ്ക്കുകയാണ്. സമൂഹത്തിന്റെ കെട്ടുറപ്പിനും, രാജ്യത്തിന്റെ നിലനിൽപ്പിനും വേണ്ടി നമ്മൾ ഓരോരുത്തരും മാതൃകയാകേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് നമ്മൾക്ക് പരസ്പരം മാതൃകകൾ ആകാം.
സുഭാഷ് ടി ആർ