"അശാന്തിയുടെ കാലത്തെ മനുഷ്യനേക്കാൾ പ്രശാന്തതയുടെ കാലത്തെ നായയാകുന്നതാണ് ഭേദം" ഇന്നത്തെ ചിന്താവിഷയം
മനുഷ്യ ജീവിതം സങ്കീർണമാണ്. ധനത്തോടും അധികാരത്തോടുമുള്ള മനുഷ്യൻ്റെ ആർത്തിയാണ് അവൻ്റെ ജീവിതത്തെ സങ്കീർണമാക്കുന്നത് എന്ന് അറിയാമല്ലോ. ലോകത്ത് ഇന്ന് നടക്കുന്ന യുദ്ധങ്ങളും ഭീകര പ്രവർത്തനങ്ങളും എല്ലാം ഇത്തരത്തിലുള്ള ആർത്തി മൂലം ഉണ്ടാവുന്നതാണ്. ലോകത്തിലെ ചില രാഷ്ട്രങ്ങളിലെ നേതാക്കന്മാർ ഏകാധിപതികളായി മാറുന്നതാണ് അടുത്തകാലത്തായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
യുദ്ധത്തിന് കോപ്പ് ഉണ്ടാക്കുന്നതും സമാധാനം ഉണ്ടാക്കുന്നതും ഒരാൾ തന്നെയാണ് എന്നതാണ് വളരെ വിചിത്രം. ലോകത്ത് ഒരു ഏകാധിപതിയും അധികം നാൾ ജീവിച്ചിരുന്നിട്ടില്ല. കാലം അവർക്ക് കൊടുക്കുന്ന ശിക്ഷ അതിക്രൂരമായിരിക്കും. ധനവും അധികാരവും ഇത്തരം ആളുകളുടെ കയ്യിൽ കിട്ടിയാൽ അവർ മതിമറന്ന് അഹങ്കാരികളായി മാറിയ എത്രയോ ദൃഷ്ടാന്തങ്ങൾ നമ്മുടെ മുന്നിൽ ഉണ്ടായിട്ടുണ്ട്. സമ്പത്തും അധികാരവും ഉണ്ടെങ്കിലും സമാധാനം ഇല്ലെങ്കിൽ പറഞ്ഞിട്ടെന്താണ് പ്രയോജനം.
സ്വാതന്ത്ര്യം ഇല്ലാതെ ജീവിക്കുന്നത് ഓർക്കാൻ കൂടി മനുഷ്യർക്ക് കഴിയുകയില്ല. "ബന്ധുര കാഞ്ചനക്കൂട്ടിൽ ആണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ" എന്ന വള്ളത്തോൾ നാരായണ മേനോൻ്റെ വരികൾ ഇപ്പറഞ്ഞതിനെ ഊട്ടി ഉറപ്പിക്കുന്നു. നമ്മുടെ വളർത്തു മൃഗങ്ങളെ നോക്കൂ, പ്രത്യേകിച്ച് നായയെ. അതിനെ ലാളിക്കുകയും ഊട്ടുകയും ചെയ്യുന്ന ഒരു ഉടമസ്ഥൻ ഉണ്ടെങ്കിൽ അത് എത്ര സമാധാനത്തോടെയാണ്, സന്തോഷത്തോടെയാണ് ആ ഭവനത്തിൽ കഴിയുന്നത് അല്ലേ.
മനുഷ്യരെ സംബന്ധിച്ചിടത്തോളം അവൻ്റെ ഒടുങ്ങാത്ത ആഗ്രഹങ്ങളും പല കാര്യങ്ങളിലും ഉള്ള മത്സരങ്ങളും ആണ് അവന്റെ സമാധാനം കെടുത്തുന്നത്, ലോകത്തിൻ്റെ സമാധാനം ഇല്ലാതാക്കുന്നത്. യുദ്ധഭീതിയിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് എല്ലാം ഉണ്ടായിട്ടും സമാധാനമില്ലാതെ മരിച്ച് ജീവിക്കുന്നത്. സുരക്ഷിതത്വവും സമാധാനവും ഇല്ലാത്ത മനുഷ്യ ജീവിതത്തെക്കാൾ എത്രയോ അഭികാമ്യമാണ് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന നായയുടെ ജീവിതം. " സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം" എന്ന കുമാരനാശാൻ്റെ വരികൾ ഈ സന്ദർഭത്തിൽ ഓർത്തുപോകും.
സുഭാഷ് ടിആർ